സൗദി എയർലൈൻസ് ഷെഡ്യൂൾ പുറത്തിറങ്ങി; ശനിയാഴ്ച മുതൽ ഇന്ത്യയിലേക്ക് വിമാനസർവീസ്
|കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്
എയർ ബബിൾ കരാർ പ്രകാരമുള്ള സൗദി എയർലൈൻസിന്റെ ഷെഡ്യൂൾ പുറത്തിറങ്ങി, ശനിയാഴ്ച മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കും. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയർ ബബിൾ കരാർ പ്രകാരമാണ് സൗദി എയർലൈൻസും സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇൻഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറിൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
ജിദ്ദ-കൊച്ചി സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും, റിയാദ്-കൊച്ചി സെക്ടറിൽ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലുമാണ് വിമാന സർവീസ്. ജിദ്ദയിൽ നിന്ന് പുലർച്ചെ 12.20ന് പുറപ്പെടുന്ന വിമാനം രാവിലെ 8.10ന് കൊച്ചിയിലെത്തും. തിരിച്ച് രാവിലെ 9.40ന് കൊച്ചിയിൽ നിന്ന് പറന്നുയരുന്ന വിമാനം ഉച്ചക്ക് 1.50 നാണ് ജിദ്ദയിലെത്തുക. റിയാദിൽ നിന്ന് ഉച്ചക്ക് ശേഷം 1.30 നാണ് വിമാനം പുറപ്പെടുന്നത്. ഈ വിമാനം രാത്രി 8.35ന് കൊച്ചിയിലിറങ്ങും. തിരിച്ച് രാത്രി 10.05ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.15ന് റിയാദിൽ ഇറങ്ങുംവിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദ കൊച്ചി യാത്രക്ക്് 23 കിലോ ബാഗേജുൾപ്പെടെ 740 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഇത് 23 കിലോ വീതമുള്ള രണ്ട് ബാഗേജുകളാണെങ്കിൽ 994 റിയാൽ മുതലും ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇക്കണോമിക് ക്ലാസിന് 1100 റിയാൽ, 1765 റിയാൽ എന്നിങ്ങിനെയാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് 23 കിലോ ബാഗേജുൾപ്പെടെ 999 റിയാൽ മുതലും 23 കിലോ വീതമുള്ള രണ്ട് ബാഗേജുൾപ്പെടെ 1099 റിയാൽ മുതലുമാണ് ടിക്കറ്റിന് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ യാത്രക്കെത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ പ്രത്യാശ പ്രകടിപ്പിച്ചു. എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാസികളെ പോലെ ഉംറ തീർത്ഥാടകർക്കും കേരളത്തിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വരാനാകും.
Saudi Arabia Airlines' schedule under the Air Bubble Agreement has been released and services to various airports in India will start from Saturday