സൗദി എയർലൈൻസ് 105 പുതിയ വിമാനങ്ങൾ വാങ്ങും
|റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്
ജിദ്ദ: സൗദി എയർലൈൻസ് 105 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നു. ഇതിനായി സൗദിയ എയർബസുമായി 12 ബില്യണ് ഡോളറിന്റെ കരാറിലെത്തി. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തെ വാങ്ങാൻ തീരുമാനിച്ച 80 വിമാനങ്ങൾക്ക് പുറമെയാണ് പുതിയ കരാർ.
105 നാരോബോഡി ജെറ്റുകൾ വാങ്ങാനാണ് സൗദി എയർലൈൻസ് എയർബസുമായി കരാറിലെത്തിയത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്. 180 ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുമ്പ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്പനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽഷഹ്റാനി വ്യക്തമാക്കി.
ഓർഡർ ചെയ്ത വിമാനങ്ങൾ 2026 മുതൽ സൗദിയിൽ എത്തി തുടങ്ങും. അതിൽ പകുതിയോളം വിമാനങ്ങളും ബജറ്റ് സർവീസ് നടത്തുന്ന ഫ്‌ളൈ അദീലിന് ഉപയോഗിക്കും. നിലവിൽ സൗദിയക്കും ഫ്‌ലൈ അദീലിനും 170-ലധികം എയർബസ്, ബോയിംഗ് വിമാനങ്ങളുണ്ട്. 100 ലധികം വിമാനത്താവളങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുന്നത്. സൗദിയ എയർലൈൻസ് കഴിഞ്ഞ വർഷം ബോയിംഗിൽ നിന്ന് 787 ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട മൂന്ന് ഡസനിലധികം വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു.
കൂടാതെ പുതിയ വിമാന കമ്പനിയായ റിയാദ് എയറും പുതിയ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം. 2030-ഓടെ പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഈ വർഷം യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ 150 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. ആവശ്യം വർധിച്ചുവരുന്നതിനാൽ വിമാനങ്ങൾ വാടകയ്ക്കെടുക്കാനും ശ്രമിക്കുന്നുണ്ടെന്ന് അൽ ഷഹ്‌റാനി പറഞ്ഞു.