90 ബില്യൺ റിയാൽ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് സൗദി അറേബ്യ പ്രഖ്യാപിച്ചു
|2013ന് ശേഷം ആദ്യമായാണ് മിച്ച ബജറ്റിലേക്ക് സൗദി അറേബ്യ എത്തുന്നത്
90 ബില്യൺ റിയാൽ മിച്ചം പ്രതീക്ഷിക്കുന്ന അടുത്ത വർഷത്തേക്കുള്ള ബജറ്റ് സൗദി അറേബ്യ പ്രഖ്യാപിച്ചു. 2013ന് ശേഷം ആദ്യമായാണ് മിച്ച ബജറ്റിലേക്ക് സൗദി അറേബ്യ എത്തുന്നത്. ആഗോള തലത്തിലെ എണ്ണ വില വർധനവാണ് നേട്ടമായത്. രാജ്യത്ത് വർധിപ്പിച്ച മൂല്യ വർധിത നികുതി പിൻവലിക്കുന്നത് പരിഗണനയിലാണെന്നും ധനകാര്യ മന്ത്രാലയം ആവർത്തിച്ചു.
2023ലെ ബജറ്റ് മിച്ചത്തിലേക്ക് എത്തുമെന്നായിരുന്നു സൗദിയുടെ പ്രതീക്ഷ. അതിനും ഒരു വർഷം മുന്നേയാണിപ്പോൾ മിച്ച ബജറ്റ് പ്രഖ്യാപനം. ഒരു ട്രില്യൺ റിയാലാണ് അടുത്ത വർഷം സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഈ വർഷം 2.9 ശതമാനമാണ് സാമ്പത്തിക വളർച്ച. 2022ൽ 7.4 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. ആഗോള തലത്തിലെ എണ്ണ വിലയാണ് സൗദിക്ക് നേട്ടമായത്. എണ്ണേതര വരുമാനം വർധിച്ചിട്ടുണ്ട്. എങ്കിലും ഇത് സാമ്പത്തിക രംഗത്തെ സുസ്ഥിരമാക്കുന്ന വിധത്തിലേക്കെത്തിയിട്ടില്ല. എണ്ണവിലക്കനുസരിച്ചുള്ള ചാഞ്ചാട്ടം സൗദിയുടെ വ്യാപാര രംഗത്തുണ്ട്. ഇതിനാൽ ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കും. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാൻ കോവിഡ് സാഹചര്യത്തിൽ സൗദി മൂല്യ വർധിത നികുതി അഥവാ വാറ്റ് 5ൽ നിന്നും 15 ശതമാനമാക്കിയിരുന്നു. ഇത് കുറഞ്ഞ വരുമാനക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്ന് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് പഴയപടിയാക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ സാമ്പത്തിക രംഗം ഭദ്രമായ ശേഷമേ പിൻവലിക്കൂ എന്നും ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു. അടുത്ത ബജറ്റിൽ 90 ബില്യൺ റിയാൽ മിച്ചമായിരിക്കും. ഇത് സൗദിയുടെ കരുതൽ ധനത്തിലേക്ക് മാറ്റുവാനാണ് തീരുമാനം.