94ാം ദേശീയദിനാഘോഷം നിറവിൽ സൗദി അറേബ്യ; രാജ്യത്തെങ്ങും ആഘോഷ പരിപാടികൾക്ക് തുടക്കമായി
|2005 മുതൽ ആഘോഷിക്കുന്ന സൗദി ദേശീയ ദിനം കഴിഞ്ഞ അഞ്ച് വർഷമായി വർണാഭമായ പരിപാടികളോടെയാണ് ആഘോഷിക്കാറുള്ളത്
ദമ്മാം: 94-ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ. രാജ്യത്തെങ്ങും വിപുലമായ ആഘോഷപരിപാടികൾക്ക് തുടക്കമായി. രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്വദേശികൾക്കൊപ്പം വിവിധ രാജ്യക്കാരായ വിദേശികളും ആഘോഷത്തിലാണ്. 1932ലാണ് നജ്ദ് ഹിജാസ് എന്നിങ്ങിനെ നിലനിന്നിരുന്ന മേഖലയിലെ വിവിധ നാട്ടുരാജ്യങ്ങളെ ചേർത്ത് ആധുനിക സൗദി അറേബ്യ ഏകീകരിക്കുന്നത്. ഇതിന്റെ ഓർമ പുതുക്കലാണ് ദേശീയ ദിനം.
2005 മുതൽ ആഘോഷിക്കുന്ന സൗദി ദേശീയ ദിനം കഴിഞ്ഞ അഞ്ച് വർഷമായി വർണാഭമായ പരിപാടികളോടെയാണ് ആഘോഷിക്കാറുള്ളത്. സൗദിയുടെ വിവിധ നഗരങ്ങളിൽ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന എയർ ഷോകൾക്ക് ഇതിനകം തുടക്കമായിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്റെയും സൗദിയുടേയും ബ്രാൻഡിങിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമസേനയുടെ പ്രകടനങ്ങൾ പുരോഗമിക്കുന്നുണ്ട്.
ദേശീയ ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന ബാനറുകൾ ഉയർത്തിയും വാഹനങ്ങൾ അലങ്കരിച്ചും മലയാളികൾ ഉൾപ്പെടെ വിദേശികളും സ്വദേശികളും ഒരുപോലെ ആഘോഷത്തിൽ പങ്കാളികളാകുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം ഓരോ വർഷവും ദേശീയ ദിനവും സ്ഥാപക ദിനവും പൈതൃകം മുറുകെ പിടിച്ചാണ് സൗദി ആഘോഷിക്കാറുള്ളത്. ഇത്തവണയും ആ പൊലിമയിൽ കുറവില്ല, സൗദിയിലെ വികസനം മുതൽ രാഷ്ട്ര നേതാക്കളിലൂടെ മക്ക മദീനകൾ നേടിയ വളർച്ച വരെ പാടിപ്പറഞ്ഞാണ് ദേശീയ ദിനം കൊണ്ടാടുന്നത്.