Saudi Arabia
Saudi Arabia condemns Israel’s continued acts of genocide in Rafah
Saudi Arabia

‌റഫയിൽ തുടരുന്ന ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിച്ച് സൗദി; 'നടക്കുന്നത് അന്താരാഷ്ട്ര- മാനുഷിക നിയമങ്ങളുടെ ലംഘനം'

Web Desk
|
29 May 2024 12:17 PM GMT

റഫയിലും മറ്റ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലും സംഭവിക്കുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ അധികാരികൾക്കാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

റിയാദ്: റഫയിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ സേന തുടരുന്ന വംശഹത്യയെ വീണ്ടും അപലപിച്ച് സൗദി അറേബ്യ. റഫയിലും മറ്റ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലും സംഭവിക്കുന്ന കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ അധികാരികൾക്കാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിൻ്റെ നിശബ്ദതയ്‌ക്കിടയിലും ഇസ്രായേൽ സേന നടത്തുന്ന എല്ലാ അന്താരാഷ്ട്ര- മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടേയും നഗ്നമായ ലംഘനം ഫലസ്തീനിലെ മാനുഷിക ദുരന്തം വർധിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമസാധുതാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുന്നതുമാണെന്നും സൗദി കുറ്റപ്പെടുത്തി.

ഫലസ്തീൻ ജനതയ്‌ക്കെതിരായ കൂട്ടക്കൊല തടയാനും അതിന് കാരണക്കാരായവരെ ഉത്തരവാദികളാക്കാനുമുള്ള കടമ അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും സൗദി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. റഫയിൽ വീണ്ടും ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതർ പറഞ്ഞു.

റഫയിലെ അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കുട്ടികളുൾപ്പെടെ 45 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭ്യർഥന തള്ളിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ആ​ഗോള എതിർപ്പ് വകവയ്ക്കാതെ റഫയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ.

ആക്രമണത്തിനെതിരെ നേരത്തെയും സൗദി രം​ഗത്തെത്തിയിരുന്നു. വലിയ മാനുഷിക ദുരന്തത്തിന് ഇടയാക്കുന്ന ആക്രമണം തടയാൻ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അഭ്യർഥിക്കുകയും ചെയ്തു. എല്ലാ അന്താരാഷ്ട്ര മാനുഷിക പ്രമേയങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രാലയേൽ നടത്തുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കി.

ഗസ്സയിലെ നിരായുധരായ സാധാരണക്കാരെയാണ് അവർ തുടർന്ന് ലക്ഷ്യമിടുന്നതെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഫലസ്തീൻ അഭയാർഥികൾക്കായി യു.എൻ.ആർ.ഡബ്ല്യു.എ ഒരുക്കിയ ടെന്റുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണം നടത്തിയത്.



Similar Posts