സൗദിയില്‍ സര്‍ക്കാര്‍ വകുപ്പ് വാഹനങ്ങളില്‍ ഇനി ഇലക്ട്രിക് കാറുകളും
|അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് സൗദി അറേബ്യ ലൂസിഡ് കാര്‍നിര്‍മ്മാണ കമ്പനിയുമായി ധാരണയിലെത്തി.
സൗദിയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങളില്‍ ഇനി ഇലക്ട്രിക് കാറുകളും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് സൗദി അറേബ്യ ലൂസിഡ് കാര്‍നിര്‍മ്മാണ കമ്പനിയുമായി ധാരണയിലെത്തി. കിരീടവകാശി പ്രഖ്യാപിച്ച ഹരിത സൗദി പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാര്‍. സൗദി ദേശീയ പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യ സാക്ഷാല്‍കാരത്തിന്‍റെ ഭാഗമായി കൂടിയാണ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് എത്തുന്നത്.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍ പരിസ്ഥി സൗഹൃദമാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണത്തിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി സാമ്പത്തിക, സാമൂഹിക, ജീവിത ഗുണമേന്മാ മേഖലകളിലുള്ള പരിഷ്‌കരണം, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എന്നിവയും ലക്ഷ്യമിടുന്നു. ഒപ്പം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ഹരിത സൗദിയുടെ പൂര്‍ത്തീകരണത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനും പദ്ധതി സഹായിക്കും. കരാര്‍ പ്രകാരം ക്രമേണ ലൂസിഡ് കമ്പനിയുടെ അസംബ്ലിംഗ് യൂണിറ്റും സൗദിയില്‍ സ്ഥാപിക്കും.