ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ
|കയറ്റുമതിയിൽ 33.3% വർധന
റിയാദ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ. കയറ്റുമതിയിൽ കഴിഞ്ഞവർഷത്തേക്കാൾ 33% വർദ്ധനവാണുണ്ടായത്. കയറ്റുമതിയുടെ മൂല്യം 1.5 ബില്ല്യൺ റിയാൽ ഉണ്ടായിരുന്നത് ഈ വർഷം 2 ബില്ല്യണായി ഉയർന്നു. 56ലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. ഈ മേഖല പൂർണ പ്രാദേശികവൽക്കരണമാണ് ലക്ഷ്യം വെക്കുന്നത്. 2019ൽ 80% ആയിരുന്നു ഇറക്കുമതി എങ്കിൽ 2023 ആയപ്പോഴേക്കും 70% ആയി കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇൻസുലിൻ, പ്ലാസ്മ തുടങ്ങി പുതിയ മേഖലകൾ കൂടി വികസിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചെങ്കടൽ തീരത്ത് നിരന്തരം ഉണ്ടാവുന്ന പ്രതിസന്ധികൾ കാരണം മരുന്നു വിപണിയിൽ ക്ഷാമം ഉണ്ടാകുന്നത് തടയാൻ അടിയന്തിര നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയുടെ വലിപ്പം 1.1 ട്രില്യൺ ഡോളർ ആണ്. അതിൽ ആഫ്രിക്ക-മിഡിലീസ്റ്റിന്റെ വിഹിതം 31 ബില്യൺ ഡോളറുമാണ് . ഇന്ന് ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലേയും ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വിപണിയായി സൗദി മാറിയിട്ടുണ്ട്.