വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി സൗദി അറേബ്യ
|രാജ്യത്തെവിടെയും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ മതിയാകും
റിയാദ്: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. രാജ്യത്തെവിടെയും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ മതിയാകും. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നത്. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇത് വഴി സാധിക്കും. നിലവിൽ ഉപ സി.ആറുകൾ ലഭ്യമാക്കിയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. നിലവിലെ ഉപ സി.ആറുകൾ റദ്ദാക്കുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അഞ്ച് വർഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വ്യാപാരികൾക്കും വ്യവസായികൾക്കും ഒപ്പം വിദേശ നിക്ഷേപകർക്കും ലോക നിലവാരത്തിലുള്ള ഏറ്റവും മികച്ച ബിസിനസ് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.