ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് ആവര്‍ത്തിച്ച് സൗദി അറേബ്യ
|സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനഃസ്ഥാപിക്കാന്‍ യു.എസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്
റിയാദ്: ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും യു.എസിനെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്. ഇസ്രയേലിനെ അംഗീകരിച്ചാല്‍ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാന്‍ യു.എസിന് പോലും സാധിക്കില്ലെന്നും മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പറഞ്ഞു. ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി.
സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനഃസ്ഥാപിക്കാന്‍ യു.എസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ യു.എസിന് നല്‍കിയ മറുപടിയുടെ വിശദാംശങ്ങള്‍ പേരുവെളിപ്പെടുത്താത്ത സൗദിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു. ഇസ്രയേലുമായി സൗദിയെ അടുപ്പിക്കാനാണ് യു.എസ് ശ്രമം. എന്നാല്‍ അതിന്റെ പേരില്‍ സൗദിക്കുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാന്‍ യു.എസിനാകില്ല. സൗദിക്കുള്ള ആയുധ കരാറുകള്‍ക്ക് പോലും യു.എസ് വിലങ്ങായി നില്‍ക്കുകയാണ്.
ഒക്ടോബര്‍ ഏഴിലുണ്ടായതുപോലുള്ള ആക്രമണം തടയാന്‍ ഇസ്രയേലിനുള്ള വഴി സമാധാന പാത അംഗീകരിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്. ഇസ്രയേലുമായി സൗദി ബന്ധത്തിന് തയ്യാറാണ്. അതിന് ഫലസ്തീനെ അംഗീകരിച്ചേ പറ്റൂ. ഈ നിലപാട് സൗദി യു.എസിനെ അറിയിച്ചിട്ടുണ്ട്. ഫലസ്തീനെ അംഗീകരിക്കില്ലെന്നായിരുന്നു നേരത്തെയുള്ള യു.എസ് നിലപാട്. ആ കടുംപിടുത്തം യു.എസ് ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഇസ്രയേലും അതിന് തയ്യാറായാല്‍ മേഖലയില്‍ സമാധാനമുണ്ടാകും. ഫലസ്തീന്‍ വിഷയത്തില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകും. ഫലസ്തീന്‍ രാഷ്ട്രം പിറക്കാതെ മേഖലയില്‍ സമാധാനമുണ്ടാകില്ല. അതംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഇസ്രയേല്‍ സ്വന്തം കാലില്‍ വെടിവെക്കുന്ന നടപടിയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സൗദി നയതന്ത്രജ്ഞന്‍ അറബ് മാധ്യമത്തോട് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി കൂട്ടുകൂടാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.