ഉംറ തീർഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ്: 2764 സ്ഥാപനങ്ങളിലൂടെ സേവനം
|പൊതു-സ്വകാര്യ മേഖലകളിലായി 151 ആശുപത്രികളാണ് തീർഥാടകർക്കും സന്ദർശകർക്കുമായി ക്രമീകരിച്ചിട്ടുള്ളത്
ഉംറ തീർഥാടകർക്ക് രണ്ടായിരത്തി എഴുനൂറിലധികം സ്ഥാപനങ്ങൾ വഴി ആരോഗ്യ സേവനങ്ങൾ ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലൂടെ സേവനങ്ങൾ ലഭ്യമാകും.
തീർഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങൾ നൽകാനായി 2,700 ലധികം സ്ഥാപനങ്ങളാണ് അധികൃതർ സജ്ജമാക്കിയിട്ടുള്ളത്.
പൊതു-സ്വകാര്യ മേഖലകളിലായി 151 ആശുപത്രികളാണ് മക്കയിലേക്കും മദീനയിലേക്കും വരുന്ന തീർഥാടകർക്കും സന്ദർശകർക്കുമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്തിൻ്റെ മറ്റു പ്രദേശങ്ങളിലായി 773 ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോംപ്ലക്സുകളും 1,840 മെഡിക്കൽ ലബോറട്ടറികളും ഫാർമസികളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെയും സന്ദർശകരുടേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് അടുത്തിടെയാണ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഹജ്ജ് ഉംറ മന്ത്രാലയം നടപ്പിലാക്കി തുടങ്ങിയത്.