വേനൽ ചൂടിൽ വെന്തുരുകി സൗദി അറേബ്യ
|സൗദിയിൽ അടുത്ത ഒരാഴ്ച ഏറ്റവും ഉയർന്ന താപനില
ദമ്മാം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ വെന്തുരുകി സൗദി അറേബ്യ. അടുത്ത ഒരാഴ്ച ചൂട് വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിൽ പകൽ താപനില 48 മുതൽ 50 ഡിഗ്രി വരെ ഉയരും. ഉയർന്ന ഹ്യുമിഡിറ്റിക്കും ഉഷ്ണക്കാറ്റിനും സാധ്യതയുള്ളതിനാൽ ഉച്ച സമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദിയിൽ പകൽ താപനില ക്രമാതീതമായി ഉയർന്ന് 50 ഡിഗ്രി വരെയെത്തി. കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ 48 മുതൽ 49 ഡിഗ്രിവരെ താപനില രേഖപ്പെടുത്തി. വരുന്ന ഒരാഴ്ച അത്യുഷ്ണത്തിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, മക്ക, മദീന മേഖലകളിൽ താപനില 48 മുതൽ 50 ഡിഗ്രി വരെ ഉയർന്നേക്കും. ഒപ്പം ഹ്യുമിഡിറ്റിക്കും ഉഷ്ണക്കാറ്റിനും സാധ്യതയുള്ളതായും അറിയിപ്പ് വ്യക്തമാക്കുന്നു. അത്യുഷണത്തിന് സാധ്യതയുള്ള ഉച്ച സമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 11 മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ധരിക്കണം. നിർജ്ജലീകരണം തടയാൻ വെള്ളം ധാരാളമായി കുടിക്കാനും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൽപ്പെടുത്താനും മന്ത്രാലയം നിർദ്ദേശിച്ചു.