സൗദിയിൽ 130 ദശലക്ഷം കണ്ടൽ തൈകൾ നടും
|വരും വർഷങ്ങളിലും പദ്ധതി നടപ്പാക്കും
റിയാദ്: രാജ്യത്തെ ഹരിതവത്കരിക്കാൻ പുതിയ പദ്ധതിയുമായി സൗദി അറേബ്യ. പദ്ധതിയുടെ ഭാഗമായി 130 ദശലക്ഷം കണ്ടൽ തൈകൾ വിവിധ ഇടങ്ങളിലായി നടും. കണ്ടൽ തൈകൾ നടുന്ന പദ്ധതി വരും വർഷങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു. ജിസാൻ, മക്ക, മദീന, തബൂക്ക്, അസീർ, ശർഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകൾ ജിസാനിലും 24 ലക്ഷം തൈകൾ മക്കയിലും, 20 ലക്ഷം തൈകൾ മദീനയിലും തബൂക്, അസീർ മേഖലകളിൽ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വർഷങ്ങളിൽ ചെങ്കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകൾ നടാനും പദ്ധതിയുണ്ട്. പദ്ധതികൾ നടപ്പാവുന്നതോടെ പച്ച പുതച്ച മരുഭൂ പ്രദേശങ്ങളും രാജ്യത്ത് പ്രതീക്ഷിക്കാം.
തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും മരുഭൂവൽക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് ഏഴു ലക്ഷം കണ്ടൽ തൈകൾ നട്ടിരുന്നു. കണ്ടൽ വനങ്ങളുടെ സമൃദ്ധമായ വളർച്ച പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും രാജ്യത്ത് ചൂട് കുറയ്ക്കുമെന്നു അധികൃതർ സൂചിപ്പിച്ചു. കേന്ദ്രം പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. സൗദി ഹരിത സംരംഭത്തെ വിജയത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കണ്ടൽ പദ്ധതി.