ഓഹരി വിപണിയിലും സൗദിയുടെ കുതിപ്പ്; ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ മാർക്കറ്റായി ഉയർന്നു
|രാജ്യത്തെ വിപുലമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രതിഫലനം കൂടിയാണ് നേട്ടം
റിയാദ്: ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് വിപണിയായി സൗദി അറേബ്യ. നിലവിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് സൗദിയുടെ തദാവുലാണ്. ഇന്നലെ റിയാദിൽ സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കവെ സൗദി തദാവുൽ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല എൽ കുവൈസാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ വിപുലമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രതിഫലനം കൂടിയാണ് നേട്ടം. പ്രാദേശികവും ആഗോളവുമായ നിക്ഷേപകരെ ആകർഷിക്കും വിധമുള്ള പ്രവർത്തനങ്ങൾ വിപണിയിൽ നടപ്പിലാക്കിയിരുന്നു. അരാംകൊ പോലുള്ള വമ്പൻ കമ്പനികളുടെ ഇടപെടലുകളും നേട്ടത്തിന് കാരണമായി. വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും മികച്ച അവസരമാണ് നിലവിൽ സൗദി സ്റ്റോക്ക് വിപണി. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിക്ഷേപകരുടെ ഇടപാടുകൾ ലളിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റാനും സൗദിക്ക് സാധിച്ചിട്ടുണ്ട്.