സൗദിയില്‍ പബ്ലിക്ക് പാര്‍ക്കിംഗില്‍ ഇളവിന് സാധ്യത; ആദ്യ 20 മിനുട്ട് സൗജന്യമാക്കിയേക്കും
|മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയമാണ് പരിഷ്‌കാരത്തിനൊരുങ്ങുന്നത്
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഓഫീസുകളോടും ചേര്‍ന്നുള്ള പെയ്ഡ് പാര്‍ക്കിങില്‍ സൗജന്യ പാര്‍ക്കിങിന് പദ്ധതി. ആദ്യ ഇരുപത് മിനിറ്റ് സൗജന്യമാക്കാന്‍ ആലോചിക്കുന്നതിനാണ നടപടികളാരംഭിച്ചത്. ഇതിനായി സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴില്‍ നിയമാവലി കൊണ്ടു വരും. പാര്‍ക്കിങുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളിലും മാറ്റം വന്നേക്കും.
മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയമാണ് പരിഷ്‌കാരത്തിനൊരുങ്ങുന്നത്. പാര്‍ക്കിങുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പുതിയ നിയമാവലിയില്‍ സമൂല മാറ്റങ്ങള്‍ കൊണ്ട് വരാനാണുദ്ദേശിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഓഫീസുകളോടും മറ്റും ചേര്‍ന്നുള്ള പെയ്ഡ് പാര്‍ക്കിംഗുകളില്‍ ഇളവ് അനുവദിക്കും. ഉപയോക്താക്കള്‍ക്ക് ആദ്യ 20 മിനിറ്റ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്നതിനാണ് ആലോചിക്കുന്നത്.
പാര്‍ക്കിങ് നിയമത്തില്‍ അടിമുടി മാറ്റത്തിനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്. പെയ്ഡ് പാര്‍ക്കിങുകള്‍ക്ക് മന്ത്രാലയത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും ട്രാഫിക് ഡയറക്ട്രേറ്റിന്റെയും അനുമതി ഉണ്ടായിരിക്കണം. പാര്‍ക്കിങ് ഏരിയ സി.സി ടി.വി നീരീക്ഷണത്തില്‍ ആയിരിക്കണം. ഓട്ടോമാറ്റഡ് ഗെയ്റ്റ്, ക്യാഷ് പെയ്‌മെന്റ് സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം തുടങ്ങിയ നിരവധി നിയമങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.