Saudi Arabia
സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ
Saudi Arabia

സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

Web Desk
|
9 Feb 2022 6:32 PM GMT

രാജ്യത്തെ ഖനന മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്

രാജ്യത്ത് സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. നിലവിലെ ഉൽപാദനത്തിന്റെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് പദ്ധതി. ഉൽപാദനം വർധിപ്പിക്കുന്നത് വഴി ഈ മേഖലയിൽ അൻപതിനായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും ധാതു വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഖനന മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. നിലവിലെ ഉൽപാദനത്തിന്റെ പതിൻ മടങ്ങായി സ്വർണ്ണം ഉൽപാദിപ്പിക്കുന്നതിന് പദ്ധതി തയ്യാറായതായി വ്യവസായ ധാതു വിഭവശേഷി സഹമന്ത്രി ഖാലിദ് അൽമുദൈഫർ പറഞ്ഞു. പുതിയ ആറ് ഖനികളുടെ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കും.

റിയാദ് താഇഫ് റോഡിലെ മൻസൂറ മസാറയാണ് ഇതിൽ ഏറ്റവും വലുത്. ഇവിടെ മൂന്ന് മുതൽ നാല് ബില്യൺ റിയാൽ വരെ വിലമതിക്കുന്ന ധാതു നിക്ഷേപമുണ്ടെന്നാണ് നിഗമനം. ഖനികളുടെ പ്രവർത്തനം സജ്ജമാകുന്നതോടെ ഈ രംഗത്ത് സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. ഖനികളിൽ ഇരുപതിനായിരവും മെറ്റൽ ഫാക്ടറികളിൽ മുപ്പതിനായിരം പേർക്കും ജോലിയവസരം സൃഷ്ടിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Similar Posts