ഒമിക്രോൺ വകഭേദം മാരകമാകില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
|രണ്ട് ഡോസ് വാക്സിനെടുക്കുന്നത് പ്രധാന പ്രതിരോധ മാർഗമാണെന്നും ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വകഭേദമായ ഒമിക്രോൺ മാരകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല.
ബൂസ്റ്റർ വാക്സിനുകൾ പുതിയ വകഭേദങ്ങൾ പടരുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നതായും മന്ത്രാലയം അറിയിച്ചു. കോവിഡ് 19 വകഭേദമായ ഒമിക്രോൺ അത്ര മാരകമല്ലെന്നും വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ട് ഡോസ് വാക്സിനെടുക്കുന്നത് പ്രധാന പ്രതിരോധ മാർഗമാണെന്നും ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റർ ഡോസ് പകർച്ചവ്യാധിക്കെതിരായ പ്രതിരോധം വർധിപ്പിക്കുകയും വകഭേദങ്ങൾ പടരുന്നതിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ഇത് സംബന്ധിച്ച് പഠനങ്ങൾ തുടരുകയാണെന്നും, ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും അബ്ദുൽ ആലി കൂട്ടിച്ചേർത്തു.