Saudi Arabia
സൗദിയിൽ എല്ലാവർക്കും രണ്ടാം ഡോസ് വാക്‌സിൻ ബുക്കിംഗ് ആരംഭിച്ചു
Saudi Arabia

സൗദിയിൽ എല്ലാവർക്കും രണ്ടാം ഡോസ് വാക്‌സിൻ ബുക്കിംഗ് ആരംഭിച്ചു

Web Desk
|
11 July 2021 6:54 PM GMT

23 ലക്ഷത്തോളം പേർ രണ്ടാം ഡോസ് സ്വീകരിച്ചു. രാജ്യത്തുടനീളം അറുന്നൂറോളം വാക്‌സിനേഷൻ കേന്ദ്രങ്ങൾ

സൗദിയിൽ എല്ലാവർക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് നൽകിത്തുടങ്ങി. മൊഡേണ വാക്‌സിൻ കൂടി വിതരണം ആംഭിച്ചതോടെയാണ് എല്ലാവർക്കും അപ്പോയിന്റ്‌മെന്റ് ലഭിച്ച് തുടങ്ങിയത്. സ്വിഹത്തി, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ബുക്കിംഗ് നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായിരുന്നു ഇതുവരെ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ചെയ്തിരുന്നത്. എന്നാൽ വാക്‌സിനേഷൻ അനുവദിച്ചിട്ടുള്ള എല്ലാ പ്രായത്തിൽപ്പെട്ടവർക്കും രണ്ടാമത്തെ ഡോസിന്റെ വിതരണം ആരംഭിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഫൈസർ ബയോൺടെക്, ഓസ്‌ഫോർഡ് ആസ്ട്രസെനക്ക, മൊഡേണ എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്തുവരുന്നത്. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും എല്ലാ വാക്‌സിനുകളും ലഭ്യമല്ല.

സ്വിഹത്തി ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ ഏത് വാക്‌സിനാണ് അപ്പോയിന്റ്‌മെന്റ് ലഭിച്ചത് എന്ന് മനസ്സിലാക്കാൻ വിവിധ നിറങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന ക്യൂ.ആർ കോഡ് നീല പ്രതലത്തിലാണെങ്കിൽ വാക്‌സിൻ ഫൈസർ ബയോൺടെക് ആയിരിക്കും. ഓറഞ്ച് പ്രതലത്തിൽ ലഭിക്കുന്ന ക്യൂ.ആർ കോഡ് ഓക്‌സ്‌ഫോര്ഡ് ആസ്ട്രസെനക്കയെയും മെറൂൺ പ്രതലത്തിൽ ലഭിക്കുന്ന ക്യൂ.ആർ കോഡ് മൊഡേണ വാക്‌സിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

തെരഞ്ഞെടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽനിന്ന് ഉദ്ദേശിച്ച വാക്‌സിൻ ലഭിക്കില്ലെന്ന് കളർ കോഡിലൂടെ മനസ്സിലായാൽ, റീ ഷെഡ്യൂൾ അപ്പോയിന്റ്‌മെന്റ് എന്ന ബട്ടണിൽ അമർത്തികൊണ്ട് മറ്റൊരു വാക്‌സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാനും അവസരമുണ്ട്. ആദ്യ ഡോസ് ഏത് വാക്‌സിൻ സ്വീകരിച്ചവർക്കും രണ്ടാം ഡോസായി മറ്റ് വാക്‌സിനുകൾ സ്വീകരിക്കുന്നത് ഫലപ്രദമാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. സ്വിഹത്തി, തവക്കൽനാ അപ്ലിക്കേഷനുകൾ വഴിയാണ് ബുക്കിഗ് നേടേണ്ടത്. രാജ്യത്ത് ഇതുവരെ ഒരു കോടി 97 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 23 ലക്ഷത്തോളം പേർ ഇതുവരെ രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Similar Posts