Saudi Arabia
മഞ്ഞുരുകുന്നു; സൗദിയും തായ്ലന്‍ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കും
Saudi Arabia

മഞ്ഞുരുകുന്നു; സൗദിയും തായ്ലന്‍ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കും

ഹാസിഫ് നീലഗിരി
|
26 Jan 2022 2:32 PM GMT

മപ്പതു വര്‍ഷം മുമ്പ് തായ് തൊഴിലാളി സൗദി കൊട്ടാരത്തില്‍നിന്ന് അപൂര്‍വ രത്‌നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്‌ലാന്‍ഡിലേക്ക് കടത്തിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വശളാകുന്നത്

റിയാദ്: മൂന്നു പതിറ്റാണ്ടു മുമ്പ് വശളായ സൗദി, തായ്ലന്‍ഡ് ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചതായും സമീപഭാവിയില്‍തന്നെ തലസ്ഥാനനഗരങ്ങളില്‍ അംബാസഡര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ചേര്‍ന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഏകോപനം ചര്‍ച്ച ചെയ്യുന്നതിനായി വരും മാസങ്ങളില്‍ തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ സംഘടിപ്പിക്കും. സൗദിയുമായുള്ള സൗഹൃദബന്ധത്തിന് തന്റെ രാജ്യം അതീവ പ്രാധാന്യം നല്‍കുന്നതായും ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും തായ്ലന്‍ഡ് പ്രധാനമന്ത്രി വിശദീകരിച്ചു.

മപ്പതു വര്‍ഷം മുമ്പ് ഒരു തായ് തൊഴിലാളി സൗദി കൊട്ടാരത്തില്‍നിന്ന് ബ്ലൂ ഡയമണ്ടടക്കമുള്ള അപൂര്‍വ രത്‌നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്‌ലാന്‍ഡിലേക്ക് കടത്തിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വശളാകുന്നത്.

തുടര്‍ന്ന് തായ് ഉദ്യോഗസ്ഥര്‍ ആഭരണങ്ങള്‍ കണ്ടെടുത്ത് സൗദിക്ക് തിരിച്ചു നല്‍കിയെങ്കിലും അവയെല്ലാം വ്യാജമാണെന്ന് സൗദി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ തെറ്റുകാരനായ ഉദ്യോഗസ്ഥരെ തായ്‌ലാന്‍ഡ് ശിക്ഷിക്കാതിരിക്കുകയും കേസന്വേശണത്തിന് നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും അതിനായി സഹകരിച്ചവരുമെല്ലാം തായ്‌ലാന്‍ഡില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ തായ്‌ലാന്‍ഡുകാര്‍ക്ക് വിസ നല്‍കുന്ന നടപടികള്‍ സൗദി നിര്‍ത്തവെച്ചു. ഇതില്‍ ബന്ധപ്പെട്ട തായ് പോലിസ് ഉദ്യോഗസ്ഥനെ തായ്‌ലാന്‍ഡ് ഗവണ്‍മെന്റ് ശിക്ഷിക്കാതിരിക്കുകയും കൂടാതെ ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് സൗദി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയത്.

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുടെ ശിക്ഷ ഉറപ്പാകുമെന്ന് തായ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതോടെയാണ് മഞ്ഞുരുക്കത്തിന് വഴി തെളിഞ്ഞത്.

കേസുകള്‍ പരിഹരിക്കാന്‍ തായ്ലന്‍ഡ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കേസുകളുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ ലഭിച്ചാല്‍ യോഗ്യതയുള്ള തായ് അധികാരികളുടെ പരിഗണനയ്ക്ക് കേസുകള്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നും തായ്ലന്‍ഡ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 1961ലെ നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്‍ മാനദ്ണ്ഡങ്ങളനുസരിച്ച് ബാങ്കോക്കിലെ സൗദി മിഷനിലെ അംഗങ്ങള്‍ക്ക് ഉചിതമായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അതത് രാജ്യങ്ങളില്‍ പൗരന്മാരുടെ സുരക്ഷ പരസ്പരം ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇരുപക്ഷവും ആവര്‍ത്തിച്ചു.

Similar Posts