ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സൗദി; ഹൂതികൾക്ക് ഇറാൻ ആയുധം നൽകില്ല; യമൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങി
|ചൈനയിൽ അഞ്ച് ദിവസം നടന്ന ചർച്ചക്കൊടുവിലാണ് ഇറാനുമായി സൗദി ബന്ധം പുനഃസ്ഥാപിച്ചത്
റിയാദ്: ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സൗദി അറേബ്യ. ചൈനയിൽ അഞ്ച് ദിവസം നടന്ന ചർച്ചക്കൊടുവിലാണ് ഇറാനുമായി സൗദി ബന്ധം പുനഃസ്ഥാപിച്ചത്. ചർച്ചക്ക് പോകുന്ന കാര്യ യുഎസ് ഉൾപ്പെടെ സൗഹൃദ രാജ്യങ്ങളെ അറിയിച്ചിരുന്നു. എല്ലാവരും അതിനെ പിന്തുണച്ചതായും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. നയതന്ത്ര ബന്ധം സാധാരണ നിലയിലാകുന്നതോടെ ഗൾഫ് മേഖലക്ക് പ്രതാപം കൈവരും. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതോടെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മകളെ കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകാനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഇറാൻ -സൗദി ബന്ധത്തോടെ സിറിയ, യമൻ വിഷയങ്ങളിലും മെച്ചപ്പെട്ട തീരുമാനങ്ങളുണ്ടായേക്കും. പരസ്പരം ആക്രമിക്കരുതെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപടരുതെന്നും ഇരു രാജ്യങ്ങളും അംഗീകരിച്ച കരാറിലുണ്ട്.
ഹൂതികൾക്ക് ഇറാൻ ആയുധം നൽകില്ല; യമൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങി
ഹൂതികൾക്ക് ആയുധം നൽകുന്നത് അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതോടെ യമൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങി. സൗദിയും ഇറാനും തമ്മിൽ നയതന്ത്രം പുനഃസ്ഥാപിക്കുന്നതോടെ ഹൂതികളുമായി ചർച്ച നടന്നേക്കും. 2014ൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ശ്രമങ്ങളും സജീവമാവുകയാണ്.
പ്രക്ഷോഭകാരികളായ ഹൂതികൾക്ക് ഇറാൻ ആയുധം നൽകുന്നത് അവസാനിപ്പിക്കാതെ യുദ്ധം തീരില്ലെന്ന് സൗദി യുഎന്നിനെ മുൻപ് അറിയിച്ചിരുന്നു. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതോടെ യുദ്ധം അവസാനിച്ചേക്കും. ഹൂതികൾ ആവശ്യപ്പെടുന്നത് ഭരണത്തിൽ പങ്കാണ്. ഇതടക്കമുള്ള വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കേണ്ടി വരും. അതിനും ഇറാനുമായുള്ള സൗദി ബന്ധം വഴി തുറക്കുകയാണ്.
2014ൽ അറബ് വസന്തകാലത്ത് ആരംഭിച്ച പ്രക്ഷോഭമാണ് യമനിൽ ആഭ്യന്തര യുദ്ധത്തിനും വിദേശ ഇടപെടലിനും വഴിയൊരുക്കിയത്. അയൽ രാജ്യത്തെ അരക്ഷിതാവസ്ഥ രാജ്യത്തെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അന്ന് സൗദി ഇടപെട്ടത്. യമനിലെ പ്രധാന ഭരണപക്ഷവും വിമത വിഭാഗമായ ഹൂതികളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇന്നിപ്പോൾ അഞ്ച് കക്ഷികൾക്ക് യമനിൽ സ്വാധീനമുണ്ട്. ഭരണ പക്ഷത്തിന്റെ കയ്യിലാണ് യമന്റെ പകുതിയോളം ഭൂപ്രദേശം. ഇത് കഴിഞ്ഞാൽ ഹൂതികളും തെക്കൽ വിഭജനവാദികളുമാണ് രാജ്യത്തിന്റെ പകുതിയോളം പ്രദേശം ഭരിക്കുന്നത്.ഹുദൈദ ഉൾപ്പെടെ പ്രധാന തുറമുഖവും തലസ്ഥാനമായിരുന്ന സൻആയും ഹൂതികളുടെ പക്കലാണ്. തെക്കൻ യമൻ പ്രത്യക രാജ്യമാകണമെന്ന് താൽപര്യപ്പെടുന്ന തെക്കൻ വിഭജനവാദികളുടെ കൈവശമാണ് ഏദൻ തുറമുഖമുൾപ്പെടുന്ന പ്രദേശം. ഇവർക്ക് യുഎഇയുടെ പിന്തുണയുണ്ട്. ഫലത്തിൽ തീരപ്രദേശങ്ങളെല്ലാം വിമതരുടെ കയ്യിലാണ്. പ്രദേശിക ഗോത്രങ്ങളുടെ സഖ്യം, അൽ ഖാഇദ, ഐസിസ് എന്നിവർക്കും ചെറിയ മേഖലകളിൽ സ്വാധീനമുണ്ട്. ഹൂതികളേയും തെക്കൻ വിഭജന വാദികളേയും ചർച്ചക്കിരുത്തി യുദ്ധമനസാനിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഇനി ബാക്കി കിടക്കുന്നു. അതിന് ഇറാൻ സൗദി ബന്ധം എത്ര ഫലം കാണുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Saudi Arabia to warm ties with Iran