വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി
|ഓഗസ്റ്റ് ഒൻപതുമുതൽ വിദേശ തീർത്ഥാടകരെത്തും. ഇന്ത്യയിൽനിന്ന് നേരിട്ട് പോകാനാകില്ല
വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരുക്കങ്ങളാരംഭിച്ചു. അഞ്ഞൂറോളം ഉംറ സർവീസ് സ്ഥാപനങ്ങളും ആറായിരത്തിലധികം ഏജൻസികളും തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പ്രവർത്തിക്കും. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഉംറ തീർത്ഥാടനം ദുഷ്‌ക്കരമാകും.
ആഭ്യന്തര ഉംറ തീർത്ഥാടനം പുനരാരംഭിച്ചതിന് പിറകെയാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകരെയും സ്വീകരിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കങ്ങൾ തുടങ്ങിയത്. ആഗസ്റ്റ് ഒൻപതുമുതലാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഉംറ തീർത്ഥാടനം പുനരാരംഭിക്കുക. വിദേശ രാജ്യങ്ങളിൽനിന്ന് ഉംറക്കെത്താൻ 18 വയസ്സ് പൂർത്തിയായിരിക്കണമെന്നും സൗദി അംഗീകരിച്ച കോവിഡ് വാക്സിന്റെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.
തീർത്ഥാടകരുടെ വിമാനയാത്ര, താമസം, സൗദിയിലെത്തിയ ശേഷമുള്ള യാത്ര, ഭക്ഷണം, ചികിത്സ തുടങ്ങി എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന പാക്കേജുകൾ ലഭ്യമാണ്. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പ്ലാറ്റ്‌ഫോമുകൾ വഴി പാക്കേജുകൾ ബുക്ക് ചെയ്യാനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണമടക്കാനും സാധിക്കും. ഇതിനുസഹായകരമായ മുപ്പതോളം വെബ്‌സൈറ്റുകളും മറ്റ് പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, സൗദിയിലേക്ക് നിലവിൽ യാത്രാവിലക്കുള്ള ഇന്ത്യയുൾപ്പെടെ ഒൻപത് രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർത്ഥാടനം ചെലവേറിയതും ദുഷ്‌കരവുമായിരിക്കും. ഇവർക്ക് യാത്രാവിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ സൗദിയിൽ പ്രവേശിക്കാനാകൂ.