ഫലസ്തീനെ അംഗീകരിക്കാനുള്ള യൂറോപ്പിന്റെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യ
|പശ്ചിമേഷ്യയുടെ സ്ഥിരതക്കും സുരക്ഷക്കും സൗദി അറേബ്യ കൂടുതൽ പ്രാധാന്യം നൽകി വരുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു
ദമ്മാം: ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാനുള്ള ചർച്ചകൾക്ക് യൂറോപ്യൻ രാജ്യങ്ങൾ തുടക്കം കുറിച്ചതിനെ സ്വാഗതം ചെയ്ത് സൗദി. പശ്ചിമേഷ്യയുടെ സ്ഥിരതക്കും സുരക്ഷക്കും സൗദി അറേബ്യ കൂടുതൽ പ്രാധാന്യം നൽകി വരുകയാണെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തലിനും കൂടുതൽ സഹായങ്ങൾ പ്രദേശത്ത് എത്തിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമം തുടരുകയാണ്. ഇവ രണ്ടും ഉൾപ്പെടുന്ന ഒരു കരാറാണ് ഇസ്രയേലും ഹമാസും തമ്മിൽ സൗദി പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലക്സംബർഗിൽ നടന്ന റീജിയണൽ സെക്യൂരിറ്റി ആന്റ് കോഓപ്പറേഷൻ ഇയു ജി.സി.സി ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറത്തിൽ ഗൾഫ് യൂറോപ്യൻ യൂണിയൻ മന്ത്രിമാരും ഉദ്യാഗസ്ഥരും ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കേണ്ടതിന്റെയും കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റെയും പ്രാധാന്യം ചർച്ച ചെയ്യുകയും ചെയതു.