നോർവേ, സ്പെയിൻ, അയർലൻഡ് രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത് സ്വഗതാർഹമെന്ന് സൗദി
|തീരുമാനം ഫലസ്തീന്റെ സ്വയം നിർണയവകാശത്തിനുള്ള അംഗീകാരമാണെന്നും സൗദി
റിയാദ്: നോർവേ, സ്പെയിൻ, അയർലൻഡ് രാജ്യങ്ങളുടെ ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനം സ്വഗതാർഹമെന്ന് സൗദി അറേബ്യ. തീരുമാനം ഫലസ്തീന്റെ സ്വയം നിർണയവകാശത്തിനുള്ള അംഗീകാരമാണെന്നും ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനത്തിനായി സൗദി നടത്തി വന്ന അന്താരാഷ്ട്ര സമവായങ്ങളുടെ വിജയമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് നടപടിയെ സ്വാഗതം ചെയ്തത്. ഫലസ്തീനികളുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ പിന്തുണച്ച രാജ്യങ്ങൾക്ക് അഭിനന്ദനങ്ങൾ. ഫലസ്തീന്റെ സ്വയം നിർണയവകാശനത്തിനുള്ള അംഗീകാരമാണിത്. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം രൂപീകരിക്കപ്പെടണം എന്നതാണ് സൗദിയുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിന് സൗദി നടത്തി വന്ന അന്ത്രാരാഷ്ട്ര സമവായ ശ്രമങ്ങളുടെ അംഗീകാരമായും പുതിയ നീക്കത്തെ കാണുന്നതായി സൗദി വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ശാശ്വത സമാധാനത്തിനും ഇത്തരം നീക്കങ്ങൾ വഴിയൊരുക്കും. മറ്റു രാജ്യങ്ങളും ഈ സമീപനം സ്വീകരിക്കുന്നതിന് മുന്നോട്ട് വരണം. ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം വേഗത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും, യുഎൻ സുരക്ഷാ കൗൺസിലിലെ അംഗങ്ങളോടും സൗദി അറേബ്യ ആവശ്യപ്പെടുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു.