സൗദിയെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും; ഇവന്റ്‌സ് ഇൻവെസ്റ്റ്മന്റ് ഫണ്ട് പ്രഖ്യാപിച്ചു
|2030 ഓടെ 100 ദശലക്ഷത്തിലധികം സന്ദർശകരെ സൗദിയിലേക്ക് ആകർഷിക്കും
റിയാദ്: നാല് മേഖലകളെ ശാക്തീകരിക്കുന്നതിനായി സൗദി അറേബ്യൻ കിരീടവകാശി ഇൻവസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രണ്ടായിരത്തി മുപ്പതോടെ മുപത്തിയഞ്ചിലധികം പുതിയ പദ്ധതികൾ നടപ്പാക്കും. സൗദിയെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
സാംസ്‌കാരികം, വിനോദസഞ്ചാരം, കായികം, വിനോദം എന്നീ നാല് മേഖലകളെ പിന്തുണക്കുന്നതിനും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് സൗദി കിരീടാവകാശിയും ഇവന്റ്‌സ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ഇ.ഐ.എഫ് പ്രഖ്യാപിച്ചത്. അതിലൂടെ പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും വിദേശ നിക്ഷേപം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
2030-ഓടെ ഇൻഡോർ അരീനകൾ, ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, കോൺഫറൻസ് സെന്ററുകൾ, കുതിരപ്പന്തയ ട്രാക്കുകൾ, ഓട്ടോ റേസിംഗ് ട്രാക്കുകൾ, മറ്റ് ഇവന്റ് സൗകര്യങ്ങൾ തുടങ്ങി 35 ലധികം പദ്ധതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കും. അതിനാവശ്യമായ ധനസഹായം നൽകുകയും പദ്ധതിക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണ ഇതര ജിഡിപിയുടെ വിഹിതം വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. കൂടാതെ വാർഷിക ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവനയെ ശക്തിപ്പെടുത്തുന്നതിനും ഇഐഎഫ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. 2030-ഓടെ 100 ദശലക്ഷത്തിലധികം സന്ദർശകരെ സൗദിയിലേക്ക് ആകർഷിക്കും. അതിലൂടെ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്യും.
Saudi Arabia will be transformed into a global tourist destination; Events Investment Fund Announced