യെമന്‍ തുറമുഖങ്ങള്‍ ഹൂത്തികള്‍ ഭീകര താവളങ്ങളാക്കി മാറ്റുന്നുവെന്ന് സൗദി
|ചെങ്കടലിലും ബാബ് അല്‍ മന്ദേബിലുമെല്ലാം കടല്‍ക്കൊള്ളയും കള്ളക്കടത്തും രിശീലിക്കുകയാണ് ഹൂതി വിമതര്‍
യെമന്റെ പടിഞ്ഞാറന്‍ തുറമുഖങ്ങള്‍ ഹൂത്തി വിമതര്‍ യുദ്ധത്തിനായി ഉപയോഗിച്ചതിനെ ശക്തമായി അപലപിച്ച് സൗദി സഖ്യസേന.
ഹൊദൈദ, അല്‍ സലീഫ്, റാസ് ഇസ തുടങ്ങിയതുറമുഖങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ സമുദ്ര വ്യാപാരത്തിനെതിരായ ആക്രമണങ്ങളുടേയും ആയുധക്കടത്തിന്റേയും ഉല്‍പാദനത്തിന്റേയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് ഈ മേഖലകള്‍.
ചെങ്കടലിലും ബാബ് അല്‍ മന്ദേബിലുമെല്ലാം കടല്‍ക്കൊള്ളയും കള്ളക്കടത്തും രിശീലിക്കുകയാണ് ഹൂതി വിമതര്‍. ഇത് സമുദ്ര സുരക്ഷയ്ക്കും ആഗോള വ്യാപാരത്തിനും വരെ വലിയ ഭീഷണി ഉയര്‍ത്തുകയാണെന്നും സഖ്യസേനാ വക്താവ് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പറഞ്ഞു.
കഴിഞ്ഞയാഴ്ച യുഎഇ പതാകയേന്തിയ റവാബി കപ്പലിനെതിരെ ഹൂതി വിമതര്‍ നടത്തിയ കടല്‍ക്കൊള്ള അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനവും സമുദ്ര സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയുമാണ് ഉയര്‍ത്തിയത്. ഹൂത്തികള്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുന്നത് മേഖലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വെല്ലുവിളിയാണ്.
ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്നതിനും അവ കൂട്ടിച്ചേര്‍ക്കുന്നതിനുമായി റാസ് ഇസ, ഹൊദൈദ, അല്‍ സലീഫ് തുറമുഖങ്ങളെ വിമതര്‍ ഉപയോഗിക്കുന്നുണ്ടെന്നും, ചരക്കു കപ്പലുകളെ ആക്രമിക്കാവുന്ന തരത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകളുടെ രഹസ്യ നിര്‍മ്മാണവും ഈ മേഖലയില്‍ സജീവമാണെന്നും ജനറല്‍ അല്‍ മാല്‍ക്കി ആരോപിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച 100 ഓളം ബോട്ടുകള്‍ സഖ്യം നശിപ്പിച്ചതായും ജനറല്‍ വ്യക്തമാക്കി.
ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകളെ ആക്രമിക്കാന്‍ ഹൂത്തികള്‍ക്ക്എല്ലാ ആയുധങ്ങളും പരിശീലനവും നല്‍കുന്നത് ഇറാന്‍ ആണെന്നും വിമതര്‍ ഇറാനില്‍നിന്ന് ആയുധങ്ങള്‍ ശേഖരിച്ച്, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ തയ്യാറാക്കുന്ന പ്രധാന കേന്ദ്രമാണ് അല്‍ സലീഫ് തുറമുഖമെന്നും ജനറല്‍ കൂട്ടിച്ചേര്‍ത്തു.