ഗസ്സക്കുള്ള സൗദിയുടെ സഹായം തുടരുന്നു; മൂന്നാമത്തെ വിമാനം ഈജിപ്തിലെത്തി
|ഇതുവരെ 105 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഗസ്സയിലെക്കയച്ചു
ജിദ്ദ: ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദി അറേബ്യയുടെ മൂന്നാമത്തെ വിമാനവും ഈജിപ്തിലെത്തി. താമസ സാമഗ്രികളുൾപ്പെടെയുള്ള 105 ടൺ അടിയന്തിര സഹായ വസ്തുക്കൾ സൗദി ഇതുവരെ ഗസ്സയിലേക്കയച്ചു. ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദിയിൽ നടക്കുന്ന ജനകീയ കാമ്പയിന്റെ ഭാഗമായാണിത്.
ഓരോ വിമാനത്തിലും 35 ടൺ വീതം ദുരിതാശ്വാസ സാമഗ്രികളാണ് സൗദി ഗസ്സയിലേക്കയക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച റിയാദിൽ നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രണ്ടാമത്തെ വിമാനവും ഇന്ന് മൂന്നാമത്തൈ വിമാനവും ഈജിപ്ത്തിലിറങ്ങി. ഇന്നത്തേതുൾപ്പെടെ ഇതുവരെ 105 ടണ് ദുരിതാശ്വാസ സാധനങ്ങൾ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് റഫ അതിർത്തി വഴി ഇവ ഗസ്സയിലേക്കെത്തിക്കും.
മരുന്ന്, ഭക്ഷണം, താത്ക്കാലിക പാർപ്പിട കേന്ദ്രങ്ങൾ തുടങ്ങിയ അടിയന്തിര സാധനങ്ങളാണ് സൗദി ഗസ്സയിലേക്കയക്കുന്നത്. സൗദി ഭരണാധികാരിയുടേയും കിരീടീവകാശിയുടേയും പ്രത്യേക നിർദേശപ്രകാരം കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് ഗസ്സയിലേക്കുള്ള സഹായ പദ്ധതി നടപ്പാക്കന്നത്. വരും ദിവസങ്ങളിലും എയർ ബ്രിഡ്ജ് സംവിധാനത്തിലൂടെ ഗസ്സയിലേക്കുള്ള കൂടുതൽ സഹായവസ്തുക്കളുമായി സൗദിയുടെ വിമാനങ്ങൾ ഈജിപ്തിലെത്തും.