സൗദി അരാംകോയുടെ അറ്റാദായത്തിൽ ഇടിവ്; മൂന്നാം പാദ സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത് വിട്ടു
|എണ്ണ വിലയിലെ കുറവ് അറ്റാദായത്തിലെ ഇടിവിന് കാരണമായി
ദമ്മാം: 2024ലെ മൂന്നാം പാദ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സൗദി അരാംകോക്ക് 1034 കോടി റിയാലിൻറെ അറ്റാദായം. കഴിഞ്ഞ വർഷത്തെ ഇതേ കാലായളവിനെ അപേക്ഷിച്ച് ലാഭവിഹിതത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 1222 കോടി റിയാലിൻറെ നേട്ടമുണ്ടാകിയാണ് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ലാഭവിഹിതം വിതരണം ചെയ്തത്. ലാഭവിഹിതം ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി.
അടിസ്ഥാന ലാഭവിഹതമായ 761 കോടി റിയാലാണ് വിതരണം ചെയ്യുക. ഒരു ഷെയറിന് 48 ഹലാല വീതമാണ് ഡിവിഡന്റായി ലഭിക്കുക. നവംബർ 14 മുതൽ 26 വരെയുള്ള തിയ്യതികളിൽ വിതരണം പൂർത്തിയാക്കും. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ലെ മൂന്നാം പാദത്തിൽ ലാഭത്തിൽ 15%ത്തിൻറെ ഇടിവാണുണ്ടായത്. ക്രൂഡ് ഓയിൽ വിലക്കുറവും ശുദ്ധീകരണ ലാഭത്തിൽ നേരിട്ട കുറവും അറ്റാദായത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണമായതായി റിപ്പോർട്ട വ്യക്തമാക്കുന്നു.