Saudi Arabia
Saudi Aramcos profit down
Saudi Arabia

സൗദി അരാംകോയുടെ ലാഭത്തിൽ കുറവ്; മൂന്നാം പാദത്തിൽ 23 ശതമാനത്തിലധികം കുറഞ്ഞു

Web Desk
|
7 Nov 2023 7:21 PM GMT

ഈ വർഷം സെപ്തംബർ 30 വരെയുള്ള മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാലാണ് സൗദി അരാംകോയുടെ ലാഭം

ജിദ്ദ: സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം 23 ശതമാനത്തിലധികമാണ് കുറവുണ്ടായത്. എന്നാൽ നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചതായി സൗദി അരാംകോ അറിയിച്ചു.

ഈ വർഷം സെപ്തംബർ 30 വരെയുള്ള മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാലാണ് സൗദി അരാംകോയുടെ ലാഭം. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 159.12 ബില്യൺ റിയാൽ ലാഭം നേടിയിരുന്നു. 23.21 ശതമാനമാണ് ലാഭത്തിൽ കുറവുണ്ടായത്. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും വിൽപനയിലുണ്ടായ കുറവുമാണ് മൂന്നാം പാദത്തിൽ ലാഭം കുറയാൻ പ്രധാന കാരണം.

മൂന്നാം പാദത്തിൽ ലാഭം 111.5 ബില്യൺ റിയാലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 122.19 ബില്യൺ റിയാൽ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചു. മൂന്നാം പാദത്തിലെ ലാഭത്തിൻ്റെ 90 ശതമാനത്തിലധികവും ഓഹരിയുടമകൾക്ക് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്യും.

മൂന്നാം പാദത്തിൽ കമ്പനി വരുമാനം 22 ശതമാനം തോതിൽ കുറഞ്ഞ് 424 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വരുമാനവും ലാഭവും വലിയ തോതിൽ വർധിച്ചിരുന്നു. റഷ്യ- ഉക്രൈൻ യുദ്ധത്തിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 100 ഡോളറിനടുത്തായി ഉയർന്നതായിരുന്നു ഇതിന് കാരണം.



Similar Posts