Saudi Arabia
യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ തിരിച്ചടി
Saudi Arabia

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ തിരിച്ചടി

Web Desk
|
14 Oct 2021 1:32 AM GMT

സൗദിക്ക് നേരെ നടന്ന ഇരുപതിലേറെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തിരിച്ചടി. നാന്നൂറിലേറെ ഹൂതി സായുധരെ വധിച്ചതായി സൗദി സഖ്യസേന .

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ രൂക്ഷമായ പ്രത്യാക്രമണം. മൂന്ന് ദിവസത്തിനിടെ നാന്നൂറിലേറെ ഹൂതി സായുധരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. സൗദിക്ക് നേരെ രണ്ടു മാസത്തിനിടെ ഇരുപതിലേറെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തിരിച്ചടി. സൗദി വിമാനത്താവളങ്ങൾക്കും ജനവാസ മേഖലയിലേക്കും തുടരെയുണ്ടായ ആക്രമണത്തിനാണ് തിരിച്ചടി. ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ 19 മിഷനുകളിലായി വൻനാശമുണ്ടായിട്ടുണ്ട്. യമനിലെ മാരിബിൽ മാത്രം നൂറിലേറെ ഹൂതി വിമതർ കൊല്ലപ്പെട്ടു. ഈ മേഖല ഹൂതികളിൽ നിന്നും പിടിച്ചെടുക്കാൻ യമൻ സൈന്യവും രംഗത്തുണ്ട്.

ഇറാൻ പിന്തുണയുള്ള ഹൂതികളുടെ അബ്ദിയ മേഖലയിലും നൂറിലേറെ പേർ മരണപ്പെട്ടു. ഹൂതികളുമായുള്ള യമൻ സൈന്യത്തിന്‍റെ ഏറ്റുമുട്ടലിനിടെ നൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇറാൻ പിന്തുണയോടെ സൗദിയിലേക്ക് ആക്രമണം നടത്തിയ കേന്ദ്രങ്ങളും തകർത്തതായി സഖ്യസേന പറഞ്ഞു. എണ്ണ സമ്പന്നമായ വടക്കൻ യമനിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് മാരിബ്. യമൻ സർക്കാറിന്‍റെ കയ്യിൽ അവശേഷിക്കുന്ന സുപ്രധാന കേന്ദ്രം കൂടിയാണിത്. ബാക്കിയുള്ള ഇടങ്ങൾ ഹൂതി നിയന്ത്രണത്തിലാണ്. ഇതിനാൽ തന്നെ മാരിബ് ഹൂതികൾ കയ്യടക്കാതിരിക്കാൻ വലിയ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇതിനിടെയിലാണ് സൗദിക്കെതിരെ ആക്രമണങ്ങൾ ഹൂതികൾ നടത്തിയത്. ഇതോടെ ഹൂതികൾക്കെതിരെ സഖ്യസേനയുടെ ആക്രമണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. യുഎൻ നിരീക്ഷണ സംഘം സ്ഥിതിഗതി പരിശോധിക്കുന്നുമുണ്ട്.

Related Tags :
Similar Posts