അതിഥി ഉംറ വിസ സേവനം സൗദി റദ്ദാക്കി
|വിദേശികൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ നിലവിൽ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികൾക്ക് ഉംറക്ക് വരാൻ തടസ്സങ്ങളൊന്നുമില്ല.
അതിഥി ഉംറ വിസ പദ്ധതി റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ നിലവിൽ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികൾക്ക് ഉംറക്ക് വരാൻ തടസ്സങ്ങളൊന്നുമില്ല. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തിൽ അഥിതികളായി ഉംറക്ക് കൊണ്ട് വരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു ഹോസ്റ്റ് ഉംറ വിസ പദ്ധതി.
വിദേശികൾക്ക് അടുത്ത ബന്ധുക്കളായ മൂന്ന് മുതൽ അഞ്ച് പേരെ വരെ ഉംറക്ക് കൊണ്ടുവരുവാൻ ഇതിലൂടെ അനുമതി നൽകിയിരുന്നു. ഇങ്ങനെ വരുന്നവർക്ക് മറ്റ് ഉംറ തീർത്ഥാടകരെ പോലെ സൗദിയിൽ ഉംറ സർവ്വീസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയിൽ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂർണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കുവാനും, യാത്ര ചെയ്യുവാനും ഇവർക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികൾക്ക് ബന്ധുക്കളല്ലാത്ത വിദേശികളെ ഉംറക്ക് കൊണ്ട് വരുവാനും ഇതിലൂടെ സാധിച്ചിരുന്നു. ഈ പദ്ധതിയാണ് റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്. റദ്ദാക്കിയ തീരുമാനത്തിൽ മാറ്റം വരുത്തുന്ന സാഹചര്യമുണ്ടായാൽ അക്കാര്യം ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എങ്കിലും നേരത്തെയുള്ള രീതിയനുസരിച്ച് സർവീസ് ഏജന്റ് വഴി സാധാരണ തീർത്ഥാടകരായി വിദേശികൾക്ക് ഉംറക്ക് വരുന്നതിൽ തടസ്സങ്ങളില്ല.