വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്കി സൗദി സെന്‍ട്രല്‍ ബാങ്ക്
|2023 മാര്‍ച്ച് 14 വരെയാണ് പുതിയ കാലാവധി
ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്കി. ഒരു വര്‍ഷത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയത്.
കോവിഡ് സാഹചര്യത്തില്‍ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി ദേശീയ ബാങ്കായ സാമ അധിക ലോണുകള്‍ നല്കാന് തീരുമാനിച്ചത്. ഇത് തിരിച്ചടക്കുന്നതിനുള്ള കാലവധിയാണ് വീണ്ടും നീട്ടിയത്.
ഈ മാസം അവസാനിക്കുന്ന ഇളവ് ഒരു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടി നല്‍കിയത്. 2023 മാര്‍ച്ച് 14 വരെയാണ് പുതിയ കാലാവധി. 2020 മാര്‍ച്ച് മുതല്‍ വിവിധ ഘട്ടങ്ങളിലായി സാവകാശം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ പൗരന്മാരുടെ ചെറുകിട, ഇടത്തരം വിഭാഗത്തില്‍പെടുന്ന വിവിധ സ്ഥാപനങ്ങള്‍ക്കായിരുന്നു ആനുകൂല്യം. ആറായിരത്തിലേറെ സ്ഥാപനങ്ങളാണ് വായ്പയുടെ ഗുണഭോക്താക്കള്‍.
മലയാളികളടക്കം ജോലി ചെയ്യുന്ന ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ഇത് നേട്ടമായിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വകാര്യ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു വായ്പകള്‍ നല്‍കിയത്.