യമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം തുടരുന്നു
|അല്‍-ഹാരിത് മേഖലയിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് സഖ്യസേനയുടെ വ്യോമാക്രമണം നടന്നതെന്ന് ഹൂത്തി അനുകൂല ചാനലായ അല്‍ മസിറ ടിവി വെളിപ്പെടുത്തി
യെമനില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തെക്കന്‍ സൗദി അറേബ്യയ്ക്ക് മുകളിലൂടെ അയച്ച ഡ്രോണ്‍ നശിപ്പിച്ചതായി സൗദി സഖ്യസേന. തുടര്‍ന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയുടെ ചില ഭാഗങ്ങളില്‍ സഖ്യസേന വ്യോമാക്രമണം നടത്തിയതായും അവര്‍ അറിയിച്ചു.
സൗദിയിലെ ജിസാനിലെ കിങ് അബ്ദുള്ള വിമാനത്താവളത്തിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചത്.
സനയ്ക്ക് വടക്ക് ബാനി അല്‍-ഹാരിത് മേഖലയിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് സഖ്യസേനയുടെ വ്യോമാക്രമണം നടന്നതെന്ന് ഹൂത്തി അനുകൂല ചാനലായ അല്‍ മസിറ ടിവി വെളിപ്പെടുത്തി. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അവര്‍ അറിയിച്ചു.
ഡ്രോണുകളുടെയും മറ്റ് ആയുധങ്ങളുടെയും വര്‍ക്ക് ഷോപ്പുകളും വെയര്‍ഹൗസുകളും നശിപ്പിക്കാനായി മേഖലയില്‍ ഒരു സൈനിക ഓപ്പറേഷന് നടത്തുമെന്നും സാധാരണക്കാര്‍ അത്തരം മേഖലകളില്‍നിന്ന് മാറിത്താമസിക്കണമെന്നും സൗദിസഖ്യം നേരത്തെ അറിയിച്ചിരുന്നു. ഏഴ് വര്‍ഷത്തിനിടെ സൗദി അറേബ്യക്ക് നേരെ നിരവധി തവണയാണ് ഹൂതി സേന ഡ്രോണുകളും മിസൈലുകളും അയച്ചത്. എന്നാല്‍ സഖ്യസേന യെമനിനുള്ളില്‍ വച്ച് തന്നെ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കുകയും ചെയ്തിരുന്നു.