സൗദിയിൽ കോവിഡ് മുക്തിയിൽ വന്‍വർധന; 17 മാസത്തിനിടെ ഏറ്റവും ഉയർന്ന രോഗമുക്തി
|പുതിയ കേസുകൾ അയ്യായിരത്തിൽ താഴെ മാത്രം
സൗദിയിൽ കോവിഡ് മുക്തിയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. ആറായിരത്തിലധികം പേർക്ക് രോഗം ഭേദമായപ്പോൾ അയ്യായിരത്തിൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 17 മാസത്തിനിടയില്‍ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞുതുടങ്ങി.
രണ്ട് ലക്ഷത്തിലധികം പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 4884 പേർക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഇതാദ്യമായാണ് പുതിയ കേസുകൾ അയ്യായിരത്തിനും താഴെയെത്തിയത്. മാത്രവുമല്ല രോഗമുക്തി 6090 ലേക്ക് ഉയരുകയും ചെയ്തു.
റിയാദിൽ 1500 പേർക്കും, ജിദ്ദയിൽ ആയിരത്തിലധികം പേർക്കും, മക്കയിൽ അഞ്ഞൂറിലധികം പേർക്കും ഇന്ന് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ഇന്നും ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിരുന്ന നഗരങ്ങളിലെല്ലാം പുതിയ കേസുകളിൽ പ്രകടമായ കുറവാണ് രേഖപ്പെടുത്തിയത്.
റിയാദിൽ പുതിയ കേസുകൾ 1327 ആയി കുറഞ്ഞു. ജിദ്ദയിൽ 500ന് താഴെയും, മക്കയിൽ മുന്നൂറോളം പേർക്കും, ദമ്മാമിൽ 159 പേർക്കും മാത്രമേ ഇന്ന് കോവിഡ് റിപ്പോർച്ച് ചെയ്തിട്ടുള്ളൂ. മറ്റു നഗരങ്ങളിലും കേസുകൾ 150നും താഴെയായാണ് രേഖപ്പെടുത്തിയത്. പുതിയ രോഗബാധിതരുടെ എണ്ണം കുറയുകയും, രോഗമുക്തി ഉയരുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞ് 44155 ലെത്തി.