സൗദി കിരീടവകാശിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി; ഗസ്സ വിഷയം ചര്‍ച്ചയായി
|ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും തുടരും
ജിദ്ദ: സൗദിയിലെ ജിദ്ദയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി കീരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടികാഴ്ച നടത്തി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന അധിനിവേശവും ആക്രമണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി വെളിപ്പെടുത്തി.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും തുടരും. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷയും മാനുഷിക പരിഗണനകളും സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതായി ഇരുവരും അഭിപ്രായപ്പെട്ടു. ഒപ്പം മേഖലയിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചയായി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, യു.എസിലെ സൗദി അംബാസിഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിമാര്‍ എന്നിവരും കൂടികാഴ്ചയില്‍ പങ്കാളികളായി.