സൗദി കിരീടാവകാശി ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും
|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തിയത്
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു. ജി20യുടെ ഭാഗമായാണ് മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിൽ എത്തിയതെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വ്യാപാര വാണിജ്യ ബന്ധങ്ങൾ ഊഷ്മളമാക്കാനുമുള്ള കൂടിക്കാഴ്ചകൾ നടക്കും. ഈ മാസം 11നാണ് കിരീടാവകാശിയുടെ ഔദ്യോഗിക കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തിയത്. ലോക നേതാക്കൾക്കൊപ്പം ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഇന്നും നാളെയും നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷം ഈ മാസം 11നാണ് കിരീടാവകാശിയുടെ ഔദ്യോഗിക കൂടിക്കാഴ്ചകൾ. ഇന്ന് കിരീടാവകാശി രാഷ്ട്രപതിയെ സന്ദർശിക്കും. പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയുമുണ്ടാകും. ഇന്ത്യയും സൗദിയും സംയുക്തമായി രൂപം കൊടുത്ത സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ സ്ഥിതിയും ഇരു രാജ്യങ്ങളും അവലോകനം ചെയ്യും. ഇതിന്റെ ഭാഗമായി സാമ്പത്തിക, നിക്ഷേപ സഹകരണ സമിതി. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും അവർ ചർച്ച ചെയ്യും.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞ സാമ്പത്തിക വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 52.75 ബില്യൺ ഡോളറിലെത്തിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. സൗദിയാകട്ടെ, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും. 2019 ഫെബ്രുവരിയിലാണ് സൗദി കിരിടാവകാശി അവസാനമായി ഇന്ത്യയിലെത്തിയത്. സൗദി പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.