സൗദി കിരീടാവകാശി മദീനയിൽ; ഗോത്രപ്രമുഖരെ സ്വീകരിച്ചു
|സൗദി കിരീടാവകാശിക്ക് കീഴിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനാണ് മദീന സാക്ഷ്യം വഹിക്കുന്നത്.
റിയാദ്: സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെത്തി. റമദാൻ ആശംസകൾ കൈമാറി.മദീനയിലെ പണ്ഡിതരുമായും ഭരണകൂടത്തിലുള്ളവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മദീന ഗവർണറുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മദീന സന്ദർശനം
മദീനയിലെ കൊട്ടാരത്തിൽ സൗദി ഗ്രാന്റ് മുഫ്തി, പണ്ഡിതന്മാർ, പ്രാദേശിക ഭരണകർത്താക്കൾ, ഗോത്ര പ്രമുഖർ എന്നിവരുമായി കിരീടാവകാശി റമദാൻ ആശംസകൾ കൈമാറി.
സൗദി മന്ത്രിമാരും അദ്ദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു. സൗദി കിരീടാവകാശിക്ക് കീഴിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനാണ് മദീന സാക്ഷ്യം വഹിക്കുന്നത്. സംരക്ഷണം പൂർത്തിയാക്കിയ ഇരുപതോളം ചരിത്ര പ്രദേശങ്ങൾ മദീനയിൽ തുറന്നിട്ടുണ്ട്. റമദാൻ എത്തുന്നതോടെ സൗദി ഭരണാധികാരികൾ മക്ക-മദീന നഗരികളിൽ എത്തുന്നത് പതിവാണ്.
ജിദ്ദയിലുള്ള സൽമാൻ രാജാവ് ഹജ്ജ് വരെ അവിടെയും മക്കയിലുമായി തുടർന്നാണ് പിന്നീട് റിയാദിലേക്ക് മടങ്ങാറുള്ളത്. ഇന്നലെ റിയാദിലും പൗരപ്രമുഖരുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു.