യമനിലേക്ക് സൗദിയുടെ ഭക്ഷ്യ വിതരണം:154 ട്രക്കുകൾ പുറപ്പെട്ടു
|ആകെ ആയിരത്തോളം ട്രക്കുകളാണ് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെടുക
സൗദിയിൽ നിന്നും യമനിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി 154 ട്രക്കുകൾ പുറപ്പെട്ടു. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ കേന്ദ്രത്തിന് കീഴിലാണ് ട്രക്കുകൾ പുറപ്പെട്ടത്. രണ്ട് ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകളാണ് ട്രക്കുകളിലുള്ളത്. ആകെ ആയിരത്തോളം ട്രക്കുകളാണ് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെടുക.
കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്‍ററിന് കീഴിലാണ് ഭക്ഷ്യ വസ്തുക്കളുമായി ട്രക്കുകൾ യമനിലേക്ക് തിരിച്ചത്. റിലീഫ് സെന്‍ററിന്‍റെ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹ് ട്രക്കുകളുടെ യാത്ര ഉദ്ഘാടനം ചെയ്തു. 15 യമൻ ഗവർണറേറ്റുകളിലാണ് ഭക്ഷണമെത്തിക്കുക. യമൻ ഭക്ഷ്യസുരക്ഷാ സഹായ പദ്ധതിയുടെ ഭാഗമായാണിത്. സൗദി ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതി വഴി 974 ട്രക്കുകളാണ് ആകെ യമനിലേക്ക് പുറപ്പെടുക. വിവിധ ഘട്ടങ്ങളായാകും ഇത്. പതിനൊന്ന് കോടി റിയാൽ മൂല്യം വരുന്നതാണ് പദ്ധതി. പ്രതിസന്ധിയിലായ കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുകയാണ് വിതരണ പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യ പദ്ധതിക്ക് പുറമെ ആരോഗ്യ സേവനം, താമസ കേന്ദ്രങ്ങൾ ഒരുക്കൽ, വിദ്യാഭ്യാസ സേവനം എന്നിവയും കിങ് സൽമാൻ റിലീഫ് സെന്‍ററിന് കീഴിൽ നടക്കുന്നുണ്ട്.