സൗദി-ഇറാൻ സാമ്പത്തിക ബന്ധം വീണ്ടും ശക്തമാകുന്നു
|സൗദി-ഇറാൻ വ്യാപാരവും നിക്ഷേപവും വലിയ രീതിയിൽ ഉയർത്താൻ പദ്ധതി
സൗദിയും ഇറാനും തമ്മിലുള്ള സാമ്പത്തിക ബന്ധം വീണ്ടും ശക്തമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വലിയ രീതിയിൽ ഉയർത്താനാണ് പദ്ധതിയിടുന്നത്. സൗദിയിൽ പുതുതായി നിയമിതനായ ഇറാൻ അംബാസഡറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സൗദി ചേംബേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ഹസൻ ബിൻ മുജാബ് അൽ-ഹുവൈസിയുമായി സൗദിയിലെ ഇറാൻ അംബാസഡർ അലി റേസ എനായതി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനം കൈകൊണ്ടത്. ഇരു രാജ്യങ്ങൾക്കിടയിലും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും പ്രതിനിധി സംഘങ്ങളെ കൈമാറാനും ചർച്ചയിൽ ധാരണയായി.
ഇരു രാജ്യങ്ങൾക്കിടയിൽ നിലവിൽ നേരിട്ടുള്ള വ്യാപാര ബന്ധമില്ല. എന്നാൽ വലിയ വിദേശ വ്യാപാരമാണ് ഇരു രാജ്യങ്ങളിലും നടക്കുന്നത്. 2022-ൽ സൗദിയുടെ വിദേശ വ്യാപാരം 601.1 ബില്ല്യൺ ഡോളറാണ്. ഇറാന്റേത് 132.6 ബില്ല്യണും. കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം പുതിയ തലത്തിലേക്ക് നയിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള കരാറുകൾ സജീവമാക്കാനും ധാരണയായി. കൂടാതെ, ഇരു രാജ്യങ്ങളിലെയും വ്യവസായികളെ ലക്ഷ്യം വെച്ച് നിക്ഷേപ രംഗത്ത് കൈകോർക്കാനും ചർച്ചയിൽ തീരുമാനിച്ചു.