സൗദി ഇറാൻ നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നു: ഇറാഖ് പ്രധാനമന്ത്രി മധ്യസ്ഥ ചർച്ചക്കായി സൗദിയിലെത്തി
|നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നതോടെ സൗദി ഇറാൻ ബന്ധത്തിൽ പുതിയ നേട്ടങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
ജിദ്ദ: സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നു. ഇറാഖിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുക. ഇതിനു മുന്നോടിയായി ഇറാഖ് പ്രധാനമന്ത്രി സൗദിയിലെത്തി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെത്തി ഭരണകൂടവുമായും ഇറാഖ് പ്രധാനമന്ത്രി ചർച്ച നടത്തും.
ശനിയാഴ്ച വൈകുന്നേരമാണ് ഇറാഖ്പ്രധാനമന്ത്രി മുസ്തഫ അൽ ഖാദ്മി സൗദിയിലെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇറാഖ് പ്രധാനമന്ത്രിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. പിന്നീട് ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകളും ആരംഭിച്ചു. സ്വീകരണ ചടങ്ങുകൾക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണ മേഖലകളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
മേഖലയിലെ സുരക്ഷയും സുസ്ഥിരതയും പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. ഇറാനുമായി നിലച്ച നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നതിന് ഇറാഖ് മധ്യസ്ഥത വഹിക്കും. ഇതിനായി ഇറാനിലെ തെഹ്റാനിലേക്ക് ഇറാഖ് പ്രധാനമന്ത്രി തിരിച്ചു. നയതന്ത്ര ചർച്ച പുനരാരംഭിക്കുന്നതോടെ സൗദി ഇറാൻ ബന്ധത്തിൽ പുതിയ നേട്ടങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.