സൗദി-ഇറാൻ ബന്ധം ഊഷ്മളമാകുന്നു; എക്‌സ്‌പോ സംഘടിപ്പിക്കാൻ സൗദിക്ക് പിന്തുണ
|നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി ഇറാൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യയിലെത്തി. ഇറാൻ രാഷ്ട്ര നേതാക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി വിദേകാര്യ മന്ത്രി പറഞ്ഞു. നേരത്തെ ഒപ്പുവെച്ച കരാറുകൾ വേഗത്തിൽ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വേൾഡ് എക്സ്പോ2030ന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ നീക്കത്തിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചു.
ഇറാനുമായുള്ള ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള വിദേശകാര്യ മന്ത്രിമാരുടെ സൗദിയിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്നലെ. മേഖലയുടെ സുരക്ഷയുടെ നിർണായക നിമിഷമാണെന്ന് ഇരു രാജ്യങ്ങളുടെയും ബന്ധം പുനസ്ഥാപിക്കലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇറാൻ വിദേശ കാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. സൗദി അറേബ്യയുമായുള്ള ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പറഞ്ഞ അമീർ അബ്ദുള്ളാഹിയാൻ, രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ തന്റെ രാജ്യം തീരുമാനിച്ചിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം. ഇറാനുമായി ഒപ്പുവച്ച മുൻകൂർ സുരക്ഷാ, സാമ്പത്തിക കരാറുകൾ സജീവമാക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. വേൾഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശ്രമത്തെ പിന്തുണച്ചതിന് ഇറാനോട് സൗദി അറേബ്യയുടെ നന്ദിയും അദ്ദേഹം അറിയിച്ചു.