വിദേശ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സൗദി
|വിദേശത്തുനിന്നെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ബയാൻ പോർട്ടലിൽ രേഖപ്പെടുത്തണം
ജിദ്ദ: വിദേശ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നിയമങ്ങൾ കർശനമാക്കുന്നത്. സൗദിയിൽ പെർമിറ്റില്ലാതെ യാത്രചെയ്യുന്ന വിദേശ ട്രക്കുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇത്തരം വാഹനങ്ങളിൽ തൊഴിലെടുക്കുന്നവർക്കെതിരെയും വാണിജ്യമന്ത്രാലയം നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമതി കമ്പനികൾ, ചെക് പോയിന്റുകൾ, കമ്പനികൾ എന്നിവർക്കെല്ലാം കൈമാറിയിട്ടുണ്ട്. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ നിയമ നടപടികൾ നേരിടേണ്ടിവരും. വിദേശ ട്രക്കുകൾ ഉപയോഗിച്ച് സൗദിയിൽ ചരക്ക് കയറ്റി ഇറക്കുന്നതിന് മുമ്പ്, ഉടമസ്ഥർ അധികാരികളിൽനിന്ന് അനുമതി നേടണം.
രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്ര ചരക്കു വാഹനങ്ങൾ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിന്റെ പോർട്ടലായ ബയാൻ വഴി രജിസ്റ്റർ ചെയ്യണം. ലോഡ്, ലക്ഷ്യസ്ഥാനം, യാത്രാ റൂട്ട് തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം. രാജ്യത്തു തങ്ങാൻ അനുവദിച്ച കാലയളവിനുള്ളിൽ മടങ്ങുകയും വേണം. നിയമലംഘനങ്ങൾ ഉണ്ടായാൽ, അതിനുള്ള പണം അടക്കുന്നത് വരെ വിദേശ ട്രക്കുകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ പുറത്തുപോവാനോ അനുമതി ലഭിക്കില്ല.