ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും കുതിച്ച് സൗദി; 220 താരങ്ങളുമായി ഈ വർഷം ഒപ്പിട്ടു
|ഈ വർഷം 3619 കോടി രൂപ മൂല്യമുള്ള കരാറുകളാണ് സൗദി ഒപ്പുവെച്ചതെന്ന് ഫിഫ അറിയിച്ചു
റിയാദ്: ഈ വർഷത്തെ സമ്മർ ട്രാൻസ്ഫറിൽ താരങ്ങൾക്കായി ഏറ്റവും പണം ചിലവഴിച്ച ലീഗുകളിൽ സൗദി പ്രോ ലീഗ് ആറാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ രണ്ടാം സ്ഥാനത്തായിരുന്നു സൗദി. ഈ വർഷം 3619 കോടി രൂപ മൂല്യമുള്ള കരാറുകളാണ് സൗദി ഒപ്പുവെച്ചതെന്ന് ഫിഫ അറിയിച്ചു.
ഈ വർഷം സമ്മർ ട്രാൻസ്ഫർ വിൻഡോ വരെ പതിനൊന്നായിരം കരാറുകളാണ് ലോകത്തെ വിവിധ ക്ലബ്ബുകൾ ഒപ്പുവെച്ചത്. അതായത് പതിനൊന്നായിരം ഫുട്‌ബോൾ കളിക്കാരുമായുള്ള കരാർ. ഈ കളിക്കാരുമായെല്ലാം ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പിട്ടത് 59,375 കോടി രൂപയുടെ കരാറുകളാണ്. ഇതിൽ 3619 കോടി സൗദി ക്ലബ്ബുകൾ താരങ്ങളെ സ്വന്തമാക്കാൻ ചിലവാക്കി. കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറവണിത്. എന്നാൽ സൗദിയിലെ താഴേക്കിടയിലെ ക്ലബ്ബുകളും ഇതേ വാശിയോടെ ഇത്തവണ കൂടുതൽ താരങ്ങളെ സ്വന്തമാക്കി.
നൂറിലേറെ വിദേശ താരങ്ങളുൾപ്പെടെ 220 ട്രാൻസ്ഫർ കരാറുകളാണ് സൗദി ക്ലബ്ബുകൾ നേടിയത്. അൽ ഉറൂബ ക്ലബ്ബ് 26 ഉം അൽ റിയാദ് 20 താരങ്ങളുമായി ഒപ്പിച്ചു. സൗദി അരാംകോയുടെ ക്ലബ്ബായ അൽ ഖാദിസിയ്യയും മറ്റൊരു ക്ലബ്ബായ അൽ ഖുലൂദും 19 വീതം താരങ്ങളെ സ്വന്തമാക്കി. മുൻനിര ക്ലബ്ബായ അൽ ഇത്തിഹാദും ദമകും പതിനാല് വീതം താരങ്ങളുമായാണ് കരാറിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്‌റും നെയ്മറിന്റെ ക്ലബ്ബായ അൽ ഹിലാലും നാല് വീതം കരാറുകളിലേ ഇത്തവണ ഒപ്പിട്ടുള്ളൂ.
ഫ്രഞ്ച് താരം മൂസ ദയബിക്കാണ് സൗദി പ്രോ ലീഗിൽ ഈ വർഷം ഏറ്റവും വിലയുള്ള കരാർ കിട്ടിയത്. ഇത്തിഹാദ് മൂസയുമായി ഒപ്പു വെച്ചത് 556 കോടി രൂപ മൂല്യമുള്ള ഡീലാണ്. മറ്റൊരു ഫ്രഞ്ച് താരമായ മുഹമ്മദ് സിമാകന് അൽ നസ്ർ നൽകിയ കരാർ 417 കോടിയുടെ കരാറാണ്. ഇംഗ്ലീഷ് താരം ഇവാൻ ടോണിയും 389 കോടി രൂപയുടെ കരാറിൽ അൽ അഹ്ലിയിലേക്ക് ചേക്കേറി. 370 കോടി രൂപക്ക് ബ്രസീലിന്റെ മാർകോസ് ലിയണാർഡോയും അൽ ഹിലാലിലെത്തി.
ലോകത്ത് ട്രാൻസ്ഫറിനായി ഏറ്റവും കൂടുതൽ പണമെറിഞ്ഞവരിൽ രണ്ടാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം സൗദി ക്ലബ്ബുകൾ. ഈ വർഷം ആറാം സ്ഥാനത്താണ്. സൗദിയിലെ വമ്പൻ ക്ലബ്ബുകൾ രണ്ട് വർഷം നീളുന്ന അമ്പതിലേറെ വൻകിട കരാറുകൾ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു. ഇതാണ് ഈ വർഷം കരാറുകൾ കുറയാൻ കാരണം. കഴിഞ്ഞ വർഷത്തോടെ ലോകത്ത് ഏറ്റവും കൂടുതൽ കാണുന്ന ലീഗുകളിലൊന്നായി സൗദി പ്രോ ലീഗും മാറുകയാണ്. മികച്ച താരങ്ങൾ സൗദിയിലെത്തിയതാണ് ഇതിന് പ്രധാന കാരണം. താരങ്ങൾക്ക് സൗദിയിലേക്ക് വരാനുണ്ടായിരുന്ന മടി മാറിയതായും ഫിഫയുടെ റിപ്പോർട്ടിലെ കണക്ക് ചൂണ്ടിക്കാട്ടുന്നു