Saudi Arabia
സൗദി കെ.എം.സി.സിയുടെ പെന്‍ഷന്‍ പദ്ധതി: ആദ്യ ഘട്ട വിതരണം ചെറിയ പെരുന്നാളിന്
Saudi Arabia

സൗദി കെ.എം.സി.സിയുടെ പെന്‍ഷന്‍ പദ്ധതി: ആദ്യ ഘട്ട വിതരണം ചെറിയ പെരുന്നാളിന്

Web Desk
|
19 April 2023 1:52 AM GMT

നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികൾക്കാണ് പെന്‍ഷന്‍ നല്‍കുക

ദമ്മാം: കെ.എം.സി.സിയുടെ ഹദിയത്തുറഹ്മ പെൻഷൻ പദ്ധതിയിൽ നിന്നുള്ള ആദ്യ മാസത്തെ വിഹിതം ചെറിയ പെരുന്നാൾ സമ്മാനമായി വിതരണം ചെയ്യും. നാട്ടിൽ തിരിച്ചെത്തിയ മുൻ പ്രവാസികൾക്കാണ് പെന്‍ഷന്‍ നല്‍കുക. സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി നടത്തി വരുന്ന പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ തുടക്കം മുതൽ സഹകരിക്കുകയും 60 വയസ്സ് പിന്നിടുകയും ചെയ്ത മുൻ പ്രവാസികൾക്കായാണ് ഹദിയത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചത്.

അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച 164 മുൻ പ്രവാസികൾക്കാണ് ഈ വർഷം പദ്ധതി ആനുകൂല്യം ലഭിക്കുക. എല്ലാ മാസവും 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കും.

സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അറുപത്തി അയ്യായിരത്തോളം അംഗങ്ങളുണ്ട്. വർഷത്തിൽ എല്ലാ ആഴ്ചയും അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായങ്ങൾ ബാങ്ക് മുഖേനെ നേരിട്ട് നൽകുന്നു. പദ്ധതി അംഗമായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് തവണയായി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടയിൽ അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയിൽ നിന്നും വിതരണം ചെയ്തത്. നാഷണൽ കെ.എം.സി.സിയുടെ കീഴിലുള്ള 35 സെൻട്രൽ കമ്മറ്റികൾ മുഖേനെയാണ് ഹദിയത്തു റഹ്മ പദ്ധതി നടപ്പിലാക്കുന്നത്.

സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Tags :
Similar Posts