Saudi Arabia
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി   ആനുകൂല്യങ്ങൾ വിതരണം ചെയ്തു
Saudi Arabia

സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Web Desk
|
25 Oct 2023 6:26 PM GMT

മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍വ്വഹിച്ചത്

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട 53 അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സൗദി അറേബ്യയിലെ വാദി ദവാസിറില്‍ വെച്ച് മരണപ്പെട്ട എറണാകുളം മരട് സ്വദേശി പ്രശാന്ത് പ്രകാശൻ, റിയാദ് പ്രവിശ്യയിലെ അൽഖര്‍ജ് പ്രദേശത്ത് മരണപ്പെട്ട ബൈജു, എന്നീ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചെക്ക് കൈമാറികൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കാനായി വിവിധ സെന്ട്രല്‍ കമ്മറ്റികളുടെ ഭാരവാഹികള്‍ മറ്റ് ചെക്കുകള്‍ ഏറ്റുവാങ്ങി.

സൗദിഅറേബ്യയുടെ മുഴുവന്‍ ഭാഗങ്ങളിലുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒന്നിച്ച് ചേര്‍ത്ത്, ജാതി മത രാഷ്ട്രീയ ഭേദമന്യേ അംഗത്വം നല്‍കികൊണ്ട് നടന്ന് വരുന്ന സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിന്നും ആനുകൂല്യമായി നല്‍കി വരുന്നത്. ഇതിന് പുറമേ പദ്ധതിയില്‍ അംഗമായിരിക്കുമ്പോള്‍ മാരക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുന്നവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട്.

കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിലാണ് ഇപ്പോള്‍ പദ്ധതി നടന്ന് വരുന്നത്. പ്രവാസികള്‍ക്ക് പുറമേ മുന്‍പ്രവാസികള്‍ക്ക് കൂടി അംഗത്വം നല്‍കികൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുന്നത്. ഹദിയത്തുറഹ്മ എന്ന പേരില്‍ അറുപത് വയസ്സ് പിന്നിട്ട മുന്‍ പദ്ധതി അംഗങ്ങള്‍ക്ക് ഒരു മാസാന്ത പെന്‍ഷന്‍ പദ്ധതിക്ക് കമ്മറ്റി പോയ വര്‍ഷം തുടക്കം കുറിക്കുകയുണ്ടായി. 165 മുന്‍ പ്രവാസികള്‍ക്കാണ് രണ്ടായിരം രൂപ വീതം മാസാന്തം പെന്‍ഷന്‍ നല്‍കുന്നത്.

സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു, പി.കെ കുഞ്ഞാലികുട്ടി , സൗദി കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം മുഹമ്മദ്‌ ,സയ്യിദ് അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് രാജ ആലപ്പുഴ, മുജീബ് പൂക്കോട്ടൂര്‍, കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ, അവറാന്‍ ഹാജി ഖുന്‍ഫുദ, ബഷീര്‍ കൂട്ടായി, സുലൈമാന്‍ മക്ക, മജീദ്‌ പുകയൂര്‍, ജംഷീര്‍ മങ്കട, വാദി ദവാസിർ കെഎംസിസി ഭാരവാഹികളായ ബഷീർ അൽമാസ്, മുനീർ വയനാട്, ഹാരിസ് താനാളൂർ, കെവി ബാപ്പു ഒഴകൂർ, ഹംസ കണ്ണൂർ എന്നിവര്‍ക്ക് പുറമേ വിവിധ സെന്‍ട്രല്‍ കമ്മറ്റികളുടെ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

2024 വർഷത്തേക്കുള്ള സൗദി പ്രവാസികൾക്കുള്ള സുരക്ഷാ പദ്ധതി കാമ്പയിൻ ഒക്ടോബർ 15 ന് ആരംഭിച്ചു. ഡിസംബർ 15 അവസാനിക്കുമെന്നും അംഗത്വം നേടാൻ സൗദിയിലെ വിവിധ സെൻട്രൽ ഏരിയാ കോർഡിനേറ്റർ മാർ മുഖേനയും www.mykmcc.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ സൗകര്യവും ഉണ്ടെന്നും സുരക്ഷാ പദ്ധതി കോർഡിനേറ്റർ റഫീക് പാറ ക്കൽ അറിയിച്ചു.

Similar Posts