Saudi Arabia
Saudi-Kuwait railway line will be completed in four years
Saudi Arabia

സൗദി-കുവൈത്ത് റെയിൽ പാതയൊരുങ്ങുന്നു

Web Desk
|
23 July 2024 4:03 PM GMT

നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും

റിയാദ്: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് റെയിൽവേ പാതയൊരുങ്ങുന്നു. 2026ഓടെ പദ്ധതി പ്രവർത്തനം ആരംഭിക്കും. യാത്ര ചെയ്യാനും ചരക്കു കടത്താനും കഴിയുന്ന റെയിൽവേ സംവിധാനമായിരിക്കും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരുക്കുക. ദിനേന 3300 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയും വിധമാണ് പദ്ധതി ഒരുക്കുക. പ്രതിദിനം ആറ് സർവീസുകളാണുണ്ടാകുക.

ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് 500 കിലോമീറ്റർ ദൂരം താണ്ടുന്ന ഉയർന്ന വേഗതയിലുള്ള ട്രെയിനുകളാണ് സംവിധാനിക്കുക. ട്രെയിൻ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയും വിധമായിരിക്കും സജ്ജീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.

പദ്ധതിയുടെ പ്രാരംഭ രൂപകൽപന പ്രവർത്തങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. കുവൈത്തിലെ അൽഷദാദിയ മേഖലയെയും സൗദി തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിച്ചു കൊണ്ടായിരിക്കും പുതിയ റെയിൽവേ സംവിധാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കുക. മെച്ചപ്പെട്ട ട്രെയിൻ ഗതാഗതം പൗരന്മാർക്ക് നൽകുക, വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്നിവയുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നും പദ്ധതി ആവിഷ്‌കരിക്കാനായി അന്താരാഷ്ട്ര കമ്പനികളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ ജാസർ അടുത്തിടെ കുവൈത്ത് സന്ദർശിച്ചിരുന്നു.



Similar Posts