Saudi Arabia
ഈജിപ്തിൽ വാഹനാപകടത്തിൽപെട്ട് 25 പേർ മരിച്ച   സംഭവത്തിൽ അനുശോചനമറിയിച്ച് സൗദി
Saudi Arabia

ഈജിപ്തിൽ വാഹനാപകടത്തിൽപെട്ട് 25 പേർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് സൗദി

Web Desk
|
20 July 2022 11:35 AM GMT

റിയാദ്: ഈജിപ്തിലെ തെക്കൻ പ്രവിശ്യയായ മിനിയയ്ക്ക് സമീപം വാഹനാപകടത്തിൽപെട്ട് 25 പേർ മരിച്ച സംഭവത്തിൽ സൗദി അനുശോചനമറിയിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് സൽമാൻ രാജാവിന്റെ അനുശോചന സന്ദേശം അയച്ചതായി സൗദി പ്രസ് ഏജൻസിയാണ് അറിയിച്ചത്.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഈജിപ്ഷ്യൻ ജനതയ്ക്കും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു, അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് രാജാവ് സന്ദേശം അവസാനിപ്പിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സമാനമായ അനുശോചന സന്ദേശം ഈജിപ്ത് പ്രസിഡന്റിന് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ, കെയ്റോയിൽനിന്ന് 220 കിലോമീറ്റർ മാറി തെക്ക് മിനിയ പ്രവിശ്യയിലെ മലാവി നഗരത്തിലെ ഹൈവേയിൽ നിർത്തിയിട്ട ട്രക്കിൽ പാസഞ്ചർ ബസ് ഇടിച്ചുണ്ടായ അപകടത്തിലാണ് ഇത്രയും പേർ മരണപ്പെട്ടത്. 35ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Similar Posts