സൗദിയിൽ ലുലുവിൻ്റെ പുതിയ ഷോറൂം തുറന്നു; 26 മാളുകൾ പിന്നിട്ട് ലുലു ഗ്രൂപ്പ്
|സൗദിയിൽ ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദമ്മാമിൽ തുറന്നു. സൗദിയിലെ ലുലു ശൃംഖലയിലെ ഇരുപത്തി ആറാമത്തെ ശാഖയാണിത്. ആറ് വർഷത്തിനുള്ളിൽ ലുലുവിന്റെ സൗദിയിലെ ഷോപ്പുകളുടെ എണ്ണം നൂറാക്കി ഉയർത്തുമെന്ന് ഗ്രൂപ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. പുതിയ മാൾ തുറന്നതിന്റെ ഭാഗമായി വിവിധ ഓഫറുകളും പ്രഖ്യാപിച്ചു.
സൗദിയിലെ 26-ാമത്തെ ഷോറൂമാണ് കിഴക്കൻ പ്രവിശ്യയിലെ അൽ-റയ്യാൻ ഡിസ്ട്രിക്റ്റിൽ പ്രവർത്തനം ആരംഭിച്ചത്. ഉത്മാൻ ബിൻ അഫാൻ റോഡിന്സമീപമാണിത്. വ്യവസായ പ്രമുഖരും സൗദി അരാംകോ ജീവനക്കാരും തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പുതിയ ഷോറൂം. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ബാദർ സുലൈമാൻ അൽ-റസീസ ഉദ്ഘാടനം നിർവഹിച്ചു.
സ്വദേശികളും വിദേശികളുമടങ്ങുന്ന പൗരപ്രമുഖരും, ഔദ്യോഗിക പ്രതിനിധികളും ചടങ്ങിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുടെ ലുലുവിന്റെ 224 ആമത്തെ കണ്ണിയാണിത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ, സൂപർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗ്രോസറി, ബി.എൽ.എസ്.എച്ച് ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ, ലുലു കണക്റ്റ്, ഡിജിറ്റൽ, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉള്ള ഇലക്ട്രോണിക്‌സ് വിപണി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സൗദിയിലെ മാറിയ സാഹചര്യം ലുലുവിന് കൂടുതൽ സന്തോഷവും ഊർജവുമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു.
2028നകമാണ് ലുലു നൂറ് ഷോപ്പിങ് കേന്ദ്രങ്ങൾ സൗദിയിൽ പൂർത്തീകരിക്കുക. സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ ആദ്യ ഷോറൂം കഴിഞ്ഞ ദിവസം ലുലു തുറന്നിരുന്നു.നിരവധി ആകർഷകമായ പാക്കേജുകളും വിലക്കുറവും ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ ലുലു മാളിൽ ഒരുക്കിയിട്ടുണ്ട്.