ഒമിക്രോൺ; സൗദിയിൽ മൂന്നാം ഡോസ് കോവിഡ് വാക്സിന് നിർബന്ധമാക്കുന്നു
|ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല.
സൗദിയിൽ വാക്സിൻ രണ്ട് ഡോസ് വാക്സിനും എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് സൗദിയിൽ ഭൂരിഭാഗവും. ഒമിക്രോൺ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തീയതി ഇതിൽ കാണിക്കും. ഈ സമയത്ത് ബുക്കിങ് നടത്തി ബൂസ്റ്റർ ഡോസെടുക്കണം. അല്ലാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. സൗദിയിൽ വാക്സിനെടുക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് തവക്കൽനാ ആപ്പിലാണ്.
രണ്ട് ഡോസും എടുത്തവരുടെ വിവരം പച്ച നിറത്തിൽ ഇതിൽ ഇമ്യൂൺ എന്ന് കാണിക്കും. ഇതുള്ളവർക്കേ ജോലി സ്ഥലത്തും കടകളിലും വാഹനങ്ങളിലും പരിപാടികളിലും പ്രവേശനമുള്ളൂ. ലംഘിച്ചാൽ പതിനായിരം റിയാൽ വരെയാണ് പിഴ. ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രക്കും ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം യാത്രാ പ്രതിസന്ധി കാരണം കുടുങ്ങിയ രാജ്യങ്ങൾക്ക് സൗദിയിലേക്ക് ഇമ്യൂൺ സ്റ്റാറ്റസ് പരിഗണിക്കാതെ പ്രവേശനം അനുവദിച്ചിരുന്നു.
സൗദിയിൽ വാക്സിനെടുക്കാത്ത ഇന്ത്യക്കാർ ഈ രീതിയിലാണ് മടങ്ങുന്നത്. അവർ സൗദിയിലെത്തിയ ശേഷം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം സമയമായെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മതി.നിലവിൽ രണ്ട് ഡോസ് സ്വീകരിച്ചവർക്കെല്ലാം സൗദിയിലേക്ക് നേരിട്ട് മടങ്ങുന്നതിന് തടസ്സമില്ല. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് ഇമ്യൂണായവരും സമയമാകുമ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. ഇല്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. നാട്ടിൽ പോകാനിരിക്കുന്നവരുടെ ഇമ്യൂൺ കാലാവധി കഴിയാറായെങ്കിൽ അത് പൂർത്തിയാക്കി പോകുന്നതാകും ഉചിതം.