'അയാളേക്കാൾ മികച്ചവനാണ് ഞാൻ, നിന്നെ ചേർത്തുപിടിക്കാൻ ഞാനല്ലാതെ മറ്റാരുമില്ല'; ഹേഡിന് വിവാഹ വാഗ്ദാനവുമായി സൗദി യുവാവ്
|മുൻ ഭർത്താവും നടനുമായ ജോണി ഡെപ് നൽകിയ മാനനഷ്ടക്കേസിൽ വിധി പ്രതികൂലമായതിന് പിന്നാലെയാണ് താരത്തിന് യുവാവിന്റെ വിവാഹ വാഗ്ദാനം
ദുബായ്: ഹോളിവുഡ് താരം ആംബർ ഹേഡിന് വിവാഹ വാഗ്ദാനവുമായി സൗദി യുവാവ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഹേഡിന് വിവാഹ വാഗ്ദാനവുമായി യുവാവ് രംഗത്തെത്തിയത്. പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിൽ, നടിയുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുമെന്ന് യുവാവ് പറയുന്നു. മുൻ ഭർത്താവും നടനുമായ ജോണി ഡെപ് നൽകിയ മാനനഷ്ടക്കേസിൽ വിധി പ്രതികൂലമായതിന് പിന്നാലെയാണ് താരത്തിന് യുവാവിന്റെ വിവാഹ വാഗ്ദാനം.
'ആംബർ... എല്ലാ വാതിലുകളും നിനക്ക് മുൻപിൽ അടയുന്നതിനാൽ നിന്നെ ചേർത്തുപിടിക്കാൻ ഞാനല്ലാതെ മറ്റാരുമില്ല. ചില ആളുകൾ നിങ്ങളെ വെറുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു, അതിനാൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ദൈവം നമ്മെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. നിങ്ങൾ ഒരു അനുഗ്രഹമാണ്, പക്ഷേ ആളുകൾ അത് വിലമതിക്കുന്നില്ല. ഞാൻ ആ മനുഷ്യനേക്കാൾ മികച്ചവനാണ്' എന്ന് സന്ദേശത്തിൽ പറയുന്നു. ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ഏകദേശം 14 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേർ കേൾക്കുകയും ചെയ്തു.
ആംബർ ഹേഡിനെതിരെ ജോണി ഡെപ് നൽകിയ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കേസിൽ ആംബർ ഹേഡ് മുൻഭർത്താവായ ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയിലെ ഫെയർഫാക്സ് കൗണ്ടി കോടതി വിധിച്ചു. ജോണി ഡെപ്പിനെതിരെ നൽകിയ ഗാർഹിക പീഡനകേസുകളിൽ ഒന്നിൽ ആംബർഹെഡിന് ഡെപ്പ് രണ്ടു ദശലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ആംബർ ഹേഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിചേർന്നത്. യുഎസിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്. വിധി പ്രഖ്യാപന വേളയിൽ ആംബർ ഹെഡ് കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ ജോണി ഡെപ്പ് എത്തിയിരുന്നില്ല.
2018 ൽ 'ദ് വാഷിങ്ടൻ പോസ്റ്റിൽ' താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തൻറെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിൻറെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഭാര്യയുടെ ആ പരാമർശത്തോടെ 'പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽനിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.