അനധികൃത ഇ-സ്റ്റോറുകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
|റിയാദ്: അനധികൃത ഇ സ്റ്റോറുകള്‍ക്കും അത്തരം വ്യാജ അക്കൗണ്ടുകളുമായി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്കുമെതിരേ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുകയും വ്യാജ പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം അനധികൃത അക്കൗണ്ടുകളുമായി ഇടപാട് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ഉപഭോക്താക്കളെ കബളിപ്പിച്ച് പണംകൈപറ്റുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും വാണിജ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.
വാണിജ്യ രേഖകള്‍ ഉള്ളതോ 'Maarof' ഇ-പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ വിശ്വസനീയമായ ഇ-സ്റ്റോറുകളുമായി മാത്രം ഉപഭോക്താക്കള്‍ ഇടപാട് നടത്തുന്നതിനെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നത്. കൂടാതെ എല്ലാ സ്റ്റോറുകളും നിര്‍ബന്ധമായി പ്ലാറ്റ്ഫോമില്‍ തങ്ങളുടെ സ്റ്റോറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വാണിജ്യ രജിസ്‌ട്രേഷന്‍ നടത്തിയ സ്റ്റോറുകള്‍ പുതിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം Maarof പ്ലാറ്റ്‌ഫോമില്‍ വീണ്ടും രജിസ്റ്റര്‍ പുതുക്കുകയും വേണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഫ്രീലാന്‍സ് പ്ലാറ്റ്ഫോം വഴി ഫ്രീലാന്‍സ് ഡോക്യുമെന്റ് എക്സ്ട്രാക്റ്റ് ചെയ്യുന്നതുവരെ, വാണിജ്യ രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്റ്റോറുകള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇ-കൊമേഴ്സിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക, പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക, സ്റ്റോറുകളുടെ വിപുലീകരണം, അനധികൃത സ്റ്റോറുകള്‍ ഇല്ലാതാക്കുക, വ്യാപാരികളുടെയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുക എന്നിവയെല്ലാമാണ്
വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനങ്ങളുടെ ലക്ഷ്യങ്ങള്‍. വാണിജ്യപരമായ പരാതികള്‍ സ്വീകരിക്കുന്ന ബലാഗ് ആപ്ലിക്കേഷന്‍ വഴിയോ, MCI കണ്‍സ്യൂമര്‍ കോള്‍ സെന്റര്‍(1900) വഴിയോ വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഇ-സ്റ്റോറുകളുടെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.