പ്രൈമറി-കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളില്‍ പുതിയ മാതൃകകള്‍ നടപ്പിലാക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം
|റിയാദ്: ജനുവരി 23 മുതല്‍ സൗദിയില്‍ പ്രൈമറി-കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മൂന്ന് പ്രവര്‍ത്തന മാതൃകകള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം.
പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കു പുറമേ, ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളിലേയും പ്രൈമറി-കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളില്‍ പുതിയ പ്രവര്‍ത്തന മാതൃകകള്‍ ബാധകമാകുമെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ലഭ്യമായ സൗകര്യങ്ങളുടേയും ആരോഗ്യ മുന്‍കരുതലുകളുടേയും അടിസ്ഥാനത്തില്‍ ലോ-ലെവല്‍, മീഡിയം, ഹൈ ലെവല്‍ എന്നീ തരത്തിലാണ് പ്രവര്‍ത്തന രീതികള്‍ വേര്‍തിരിച്ചിട്ടുള്ളത്.ലോ-ലെവല്‍ സ്‌കൂളുകള്‍ ക്ലാസ് മുറികളിലും ലബോറട്ടറികളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൂര്‍ണ്ണമായ അകലം ഉറപ്പാക്കണം.
ഇടത്തരം തലത്തിലുള്ള സ്‌കൂളുകളില്‍ ക്ലാസ് മുറികളിലെ വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തേണ്ടത്. ഉയര്‍ന്ന തലത്തിലുള്ള സ്‌കൂളുകള്‍ ഹാളുകളിലും ലബോറട്ടറികളിലുമായി കൃത്യമായി അകലം പാലിച്ച് വിദ്യാര്‍ത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കണം ക്ലാസുകല്‍ നടത്തേണ്ടത്.
കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പഠനം പുനരാരംഭിക്കുന്നതിനുള്ള മാനസികവും സാമൂഹികവുമായ തയ്യാറെടുപ്പുകള്‍ അധികൃതര്‍ കൈകൊള്ളണം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുഴുവന്‍ സ്‌കൂള്‍ ജീവനക്കാരുടെയും ആരോഗ്യനില നിരീക്ഷിക്കണം. ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത തരത്തിലുള്ള പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, ഒരേസമയം ക്ലാസ് മുറികള്‍ സമന്വയിപ്പിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അധാപകരെ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പുതിയ പ്രവര്‍ത്തന മാതൃകകളുടെ ഭാഗമാണ്.